ന്യൂഡൽഹി: കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിനായി ടി.ഡി.പിയുമായോ ജെ.ഡി.യുവുമായോ സംസാരിക്കുന്നതിനെ സംബന്ധിച്ച് ഇൻഡ്യ സഖ്യത്തിൽ ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെ ഇൻഡ്യ സഖ്യ നേതാക്കളുടെ യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്‍റെ പരാമർശം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംസാരിക്കവേ മോദി സർക്കാരിന്‍റെ പ്രവർത്തനം, വിലക്കയറ്റം, കർഷകരുടെ ദുരിതം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും വോട്ടർമാർ അതൃപ്തരാണെന്ന് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ടി.ഡി.പിയോടോ ജെ.ഡി.യുവിനോടോ ഉള്ള സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് “ഞങ്ങൾ ഇതുവരെ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല,” എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സഖ്യകക്ഷി നേതാക്കൾ ബുധനാഴ്ച യോഗം ചേരുമെന്നും കൂട്ടായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ അഭിപ്രായമില്ല. എന്ത് തീരുമാനിച്ചാലും അത് കൂട്ടായ തീരുമാനമായിരിക്കുമെന്നും പവാർ പറഞ്ഞു.
ശരദ് പവാർ എൻ.സി.പി മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ 10 ഇടത്ത് മത്സരിക്കുകയും എട്ടെണ്ണം വിജയിക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം, സർക്കാർ രൂപീകരിക്കാനായി ജെ.ഡി-യു, ടി.ഡി.പി എന്നീ പാർട്ടികളുമായുള്ള ചർച്ച എന്നിവ യോഗത്തിൽ വിഷയമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.