ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ അപേക്ഷ വിദഗ്ധസമിതി തള്ളി. കേന്ദ്രസർക്കാറിന്‍റെ കീഴിലുള്ള സബജ്ക്ട് എക്സ്പേർട്ട് കമ്മിറ്റിയാണ് അപേക്ഷ നിരസിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് വിദഗ്ധസമിതി ആവശ്യപ്പെട്ടു.
കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസ് വേണമെന്ന ആവശ്യം ഉയരുകയാണെന്ന് സിറം അപേക്ഷയിൽ സൂചിപ്പിച്ചിരുന്നു. ആവശ്യത്തിന് വാക്സിൻ ഡോസ് കൈവശമുണ്ടെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ വാദങ്ങൾ അംഗീകരിച്ച് വാക്സിന് അനുമതി നൽകാൻ കേന്ദ്രസർക്കാർ തയാറായില്ല. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സിറം ഡ്രഗ് കൺട്രോളറേയും സമീപിച്ചിരുന്നു. എന്നാൽ, ആവശ്യം അംഗീകരിച്ചിരുന്നില്ല.
കോവിഷീൽഡും കോവാക്സിനും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുവദിക്കണമെന്ന് ബയോളജിക്കൽ ഇയുടെ അപേക്ഷയും വിദഗ്ധസമിതി നിരസിച്ചു. മറ്റ് പല രാജ്യങ്ങളും ബൂസ്റ്റർ ഡോസിൽ തീരുമാനമെടുത്തുവെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ ഇക്കാര്യം സംബന്ധിച്ച് അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേസമയം, രണ്ടാം ഡോസ് വാക്സിനെടുത്ത് ഒമ്പത് മാസമെങ്കിലും കഴിഞ്ഞാണ് മൂന്നാം ഡോസ് സ്വീകരിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധൻ ബൽറാം ഭാർഗവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.