ന്യൂഡല്‍ഹി: രാജ്യത്ത് ഒരാഴ്ചക്കിടെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാതെ 180 ജില്ലകൾ. കോവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ആശങ്കകൾക്കിടെ അൽപമെങ്കിലും ആശ്വാസം നൽകുന്ന ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വർധന്‍ ആണ് ചൂണ്ടിക്കാട്ടിയത്. രണ്ടാഴ്ചക്കിടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത 18 ജില്ലകളുണ്ട്. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളിലും 28 ദിവസത്തിനിടെ 32 ജില്ലകളിലും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിഡിയോ കോൺഫറൻസ് വഴി നടത്തിയ 25ാമത് മന്ത്രിതല യോഗത്തിൽഅധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,18,609 പേർ രോഗമുക്തി നേടിയതായും മന്ത്രി പറഞ്ഞു. നിലവില്‍ രാജ്യത്ത് 2.18 കോടി പേര്‍ കോവിഡ് ചികിത്സയിലുണ്ട്. 4,88,861 രോഗികൾ ഐ.സി.യുവിലാണ്. 1,70,841 പേർ വെന്‍റിലേറ്ററിലും 9,02,291 പേർ ഓക്സിജൻ സഹായത്തിലും കഴിയുന്നു. രാജ്യത്ത് ആകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.38 ലക്ഷം കവിഞ്ഞു.
വെള്ളിയാഴ്ച വരെയായി രാജ്യത്ത് 16.73 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 17,49,57,770 ഡോസുകളാണ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത്. ഇതിൽ 16,65,49,583 ഡോസുകൾ നൽകി. 84,08,187 ഡോസുകൾ സംസ്ഥാനങ്ങളിൽ ബാക്കിയാണ്. 53,25,000 ഡോസുകൾ ഉടൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും.
വെള്ളിയാഴ്ച വരെ 30,60,18,044 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. പ്രതിദിനം 25,00,000 പരിശോധനകൾ നടത്താനുള്ള സംവിധാനങ്ങൾ രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മഹാരാഷ്ട്ര, കർണാടക, കേരള, ഉത്തർപ്രദേശ്, തമിഴ്നാട്, ഡൽഹി, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എറണാകുളം, മലപ്പുറം, തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, ബംഗളുരു, ഗൻജാം, പുനെ, ഡൽഹി, നാഗ്പുർ, മുംബൈ, ലഖ്നോ, താനെ, നാസിക്, ജയ്പുർ, ഗുർഗാവ്, ചെന്നൈ, ചന്ദ്രപുർ, കൊൽക്കത്ത എന്നീ 20 ജില്ലകളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആക്ടിവ് കേസുകളുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.