ന്യൂഡൽഹി: ശിവസേനയുടെ അവകാശവാദത്തെ ചൊല്ലി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും പാർട്ടി മേധാവി ഉദ്ധവ് താക്കറെയും തമ്മിലുള്ള തർക്കം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഏട്ട് ചോദ്യങ്ങൾക്ക് തീർപ്പ് കൽപ്പിക്കാനാണ് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടത്. വ്യാഴാഴ്ച വരെ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും സ്വീകരിക്കരുതെന്നും കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് തർക്ക വിഷയങ്ങൾ വ്യാഴാഴ്ച പരിശോധിക്കുക.
പാർട്ടി ചിഹ്നം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമീഷൻ നടപടികളിലെ തർക്കം ആദ്യം തന്നെ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് അറിയിച്ചു.
ഉദ്ധവ് താക്കറെ വിഭാഗവും ഏക്നാഥ് ഷിൻഡെ വിഭാഗവും പരസ്പരം എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതികളും ബെഞ്ചിന്റെ പരിഗണനക്ക് വരും.
ഷിൻഡെ വിഭാഗത്തിലാണ് പാർട്ടിയുടെ ഭൂരിഭാഗം എം.എൽ.എമാരുമെന്നും അതിനാൽ പാർട്ടിയിൽ ജനാധിപത്യപരമായി എടുക്കുന്ന ആഭ്യന്തര തീരുമാനങ്ങളിൽ കോടതി കൈകടത്തരുതെന്നും ഷിൻഡെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.