നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് കാണിച്ച് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽനിന്ന്

നീറ്റ് പേപ്പർ ചോർന്നിട്ടില്ല, ഗ്രേസ് മാർക്ക് നൽകിയത് സമയനഷ്ടം വന്നവർക്ക് -എൻ.ടി.എ

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് - യു.ജിയുടെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നും ലോക്ക് പൊട്ടിയിട്ടില്ലെന്നും ആവർത്തിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേർക്ക് മുഴുവൻ മാർക്കും ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാർക്ക് നൽകിയതിനാലാണ്. എന്നാൽ ജൂൺ 23ന് നടത്തിയ പുനഃപരീക്ഷയിൽ ഇവർക്ക് മുഴുവൻ മാർക്കും നേടാനായില്ല. ഇതോടെ 720ൽ 720 മാർക്കും നേടിയവരുടെ എണ്ണം 67ൽനിന്ന് 61 ആയി കുറഞ്ഞെന്നും എൻ.ടി.എ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഹരിയാനയിലെ ഝജ്ജറിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് പുനഃപരീക്ഷയിൽ മാർക്ക് കുറഞ്ഞത്. മുഴുവൻ മാർക്ക് നേടിയ 61ൽ 17 പേർക്ക് പ്രൊവിഷനൽ ഉത്തര സൂചിക പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഫുൾ മാർക്ക് ഉണ്ടായിരുന്നു. മറ്റ് 44 പേർക്ക് ഫിസിക്സ് പേപ്പറിന്‍റെ ഉത്തര സൂചിക റിവിഷൻ നടത്തിയതിനു ശേഷമാണ് മുഴുവൻ മാർക്ക് ലഭിച്ചത്. ഉത്തരസൂചികയിൽ തെറ്റുണ്ടെങ്കിൽ അത് ചൂണ്ടിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് നൽകിയിരുന്നു. ഈ സമയത്ത് ഫിസിക്സ് പേപ്പറിലെ ഒരു ചോദ്യത്തിന്‍റെ ഉത്തരത്തെ നിരവധിപേർ ചോദ്യം ചെയ്തു. എൻ.സി.ഇ.ആർ.ടിയുടെ പഴയ പുസ്തകത്തിലും പുതിയതിലും ഇതിന് വ്യത്യസ്ത ഉത്തരങ്ങളാണുണ്ടായിരുന്നത്. ഇതോടെ രണ്ട് ഓപ്ഷനുകൾ ശരിയായി പരിഗണിക്കാമെന്ന് സബ്ജക്ട് എക്സ്പേർട്ടുകൾ തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ ഫലമായി 44 പേർക്ക് കൂടി ഫുൾ മാർക്ക് ലഭിച്ചെന്നും എൻ.ടി.എ വ്യക്തമാക്കി.

ഉത്തരസൂചിക പരിഷ്കരിക്കുന്നതിനു മുമ്പ് 17 പേർക്ക് മാത്രമാണ് 720 മാർക്ക് നേടാനായത്. അത് മുൻവഷത്തേതിൽനിന്ന് വലിയ മാറ്റമില്ലാത്ത സംഖ്യയാണെന്ന് എൻ.ടി.എ ചൂണ്ടിക്കാണിക്കുന്നു. ആദ്യ 100ൽ വന്ന കുട്ടികൾ 56 നഗരങ്ങളിലെ 95 വ്യത്യസ്ത കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയവരാണ്. ക്രമക്കേട് നടന്നെന്ന ആരോപണം ശരിയല്ല. ഓരോ വിദ്യാർഥിക്കുമുള്ള പേപ്പറിന് പ്രത്യേക സീരിയൽ നമ്പരുണ്ട്. എല്ലായിടത്തും സി.സി.ടി.വി നിരീക്ഷണം ശക്തമായിരുന്നു. ലോക്കുകൾ പൊട്ടിയിട്ടില്ല. എവിടെയും പേപ്പർ ചോർന്നെന്ന് കണ്ടെത്താനായിട്ടില്ല. സമൂഹമാധ്യമങ്ങളിൽ ചോർന്നെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിൽ വ്യക്തത വരേണ്ടതുണ്ടെന്നും എൻ.ടി.എ അറിയിച്ചു.

അതേസമയം പേപ്പർ ചോർച്ച‍യുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ. ബിഹാറിൽനിന്ന് എട്ട് പേരെ അറസ്റ്റ് ചെയ്തു. പേപ്പർ ചോർച്ച വ്യാപകമല്ലെന്നും പ്രാദേശികമാണെന്നുമുള്ള നിലപാട് സി.ബി.ഐ സ്വീകരിച്ചേക്കും. ബിഹാറിലെ ഒറ്റ പരീക്ഷാകേന്ദ്രത്തിൽ മാത്രമാണ് പേപ്പർ ചോർന്നതെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ വ്യക്തമാക്കി. വ്യാപക ക്രമക്കേട് നടന്നിട്ടില്ല എന്നുതന്നെയാണ് കേന്ദ്രവും കോടതിയെ ധരിപ്പിച്ചത്. വിവാദമുയർന്ന പശ്ചാത്തലത്തിൽ പുനഃപരീക്ഷ വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ, ക്രമക്കേടിന്‍റെ വ്യാപ്തി സംബന്ധിച്ച റിപ്പോർട്ട് നൽകാൻ നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നു. വ്യാപക ക്രമക്കേട് ഇല്ലെങ്കിൽ പരിമിതമായ രീതിയിൽ പുനഃപരീക്ഷ നടത്താമെന്നും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - No Paper Missing, No Broken Locks: Exam Body's Reply In NEET-UG Leak Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.