ഡാമുകളിലെ വെള്ളം തുറന്നുവിടുന്നതിലെ തർക്കം; ബംഗാൾ ഉദ്യോഗസ്ഥന് രാജി വെക്കാനാവില്ലെന്ന് ദാമോദർ വാലി കോർപ്പറേഷൻ

കൊൽക്കത്ത: ഡാമുകളിലെ വെള്ളം ഏകപക്ഷീയമായി തുറന്നുവിടുന്നതുമായി ബന്ധ​പ്പെട്ട് പശ്ചിമബംഗാളും കേന്ദ്രവും തമ്മിലുള്ള തർക്കം മുറുകുന്നു. ഡാമുകൾക്കായുള്ള ദാമോദർ വാലി കോർപ്പറേഷൻ (ഡി.വി.സി) ബോർഡിൽനിന്നും സംസ്ഥാന സർക്കാറി​ന്‍റെ പ്രതിനിധികൾക്ക് രാജിവെക്കാൻ വ്യവസ്ഥയില്ലെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. തെക്കൻ ബംഗാളിലെ പല ജില്ലകളിലും വെള്ളപ്പൊക്കത്തിനിടയാക്കി ഡാമുകളിൽനിന്ന് വെള്ളം തുറന്നുവിട്ടതി​ന്‍റെ പേരിൽ പശ്ചിമ ബംഗാൾ ഊർജ സെക്രട്ടറി സന്തനു ബസു ഡി.വി.സി ബോർഡ് അംഗത്വം രാജിവച്ചിരുന്നു.

ഡി.വി.സി അസാധാരണവും അപ്രതീക്ഷിതവുമായി 5 ലക്ഷം ക്യുബിക്സ് വെള്ളം തുറന്നുവിട്ടത് പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ദോഷകരമായെന്നും കാർഷിക മേഖലയെ തകർത്തുവെന്നും സംസ്ഥാന ജലസേചന മന്ത്രി മനസ് ഭൂനിയ പറഞ്ഞു. ന്യായമായ അളവിൽ വെള്ളം വിടുന്നതിനുമുമ്പ് സർക്കാറിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ഡി.വി.സിയോട് ആവശ്യപ്പെട്ടെങ്കിലും അവരത് ഗൗനിച്ചില്ല. കേന്ദ്രവും വിഷയത്തിൽ മൗനം പാലിച്ചു. അതിനാൽ ന്യായമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. നമ്മുടെ സംസ്ഥാന സർക്കാർ പ്രതിനിധി ഡി.വി.സി ബോർഡിൽനിന്ന് രാജിവച്ചിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ജീവിതവും ഉപജീവനവും നശിപ്പിക്കാൻ കേന്ദ്രത്തിനും ഡി.വി.സിക്കും അവകാശമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി മോദിക്ക് രണ്ടു തവണ കത്തയച്ചിരുന്നുവെങ്കിലും അത് ഗൗനിക്കാത്ത സാഹചര്യത്തിലായിരുന്നു സന്തനു ബസുവി​ന്‍റെ രാജി.

1948ലെ ഡി.വി.സി നിയമം അനുസരിച്ച് പശ്ചിമ ബംഗാളും ജാർഖണ്ഡും ഈ ബോർഡിലെ അംഗങ്ങളാണ്. കേന്ദ്രത്തി​ന്‍റെ പ്രതിനിധികൾക്കുപുറമെ ഓരോ സംസ്ഥാനത്തുനിന്നും ഒരു പ്രതിനിധി ബോർഡിലുണ്ട്. എന്നാൽ, അവർക്ക് ബോർഡിൽനിന്ന് രാജിവെക്കാൻ വ്യവസ്ഥയില്ലെന്നാണ് ഡി.വി.സിയുടെ വാദം. വെള്ളപ്പൊക്കം സാധാരണ നിലയിലായതിനുശേഷം ഊർജ സെക്രട്ടറിക്ക് പകരം മറ്റൊരു പ്രതിനിധിയെ പശ്ചിമ ബംഗാൾ സർക്കാറിന് നാമനിർദേശം ചെയ്യാമെന്ന് മറ്റൊരു ഡി.വി.സി ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതട പദ്ധതിയാണ് ദാമോദർ വാലി. ഇതിൽ കേന്ദ്രവും രണ്ട് സംസ്ഥാന സർക്കാറുകളും തുല്യ പങ്കാളികളാണ്. ഡി.വി.സി നിയമത്തിലെ സെക്ഷൻ 30 അനുസരിച്ച് കേന്ദ്രം, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിങ്ങനെ മൂന്ന് പങ്കാളിത്ത ഗവൺമെന്‍റുകൾ ഇതി​ന്‍റെ പ്രവർത്തന മൂലധനത്തിലേക്ക് സംഭാവന നൽകുന്നുണ്ട്. അതൊരു നിയമപരമായ ബാധ്യതയാണെന്നും നിയമപരമായി അവർക്ക് ഡി.വി.സിയെ നിരസിക്കാൻ കഴിയില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. പശ്ചിമ ബംഗാൾ ജലസേചന ചീഫ് എൻജിനീയറും ദാമോദർ വാലി റിസർവോയർ റെഗുലേഷൻ കമ്മിറ്റിയിൽനിന്നുള്ള (ഡി.വി.ആർ.ആർ.സി) രാജി സമർപ്പിച്ചിരുന്നു.

Tags:    
News Summary - No provision for resignation of representatives of partner govts from Damodar Valley Corporation Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.