ചെന്നൈ: സംസ്ഥാനങ്ങളുടെ മേൽ കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിയുടെ പരാമർശത്തിന് മറുപടിയുമായി ഗവർണർ ആർ.എൻ രവി. കേന്ദ്ര സർക്കാർ തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുകയാണെന്ന ധാരണ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും എന്നാൽ, അത്തരം ആരോപണങ്ങളൊന്നും ശരിയല്ലെന്നും ഗവർണർ പറഞ്ഞു.
കോയമ്പത്തൂരിൽ നടന്ന ബിരുദദാന ചടങ്ങിലാണ് ഹിന്ദി ഭാഷ വിഷയത്തിൽ ഗവർണർ പ്രതികരിച്ചത്. പ്രാദേശിക ഭാഷ പഠിക്കുന്നതും മാതൃഭാഷാ പഠനത്തിനും ഊന്നൽ നൽകലുമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്നും ആർ.എൻ രവി ചൂണ്ടിക്കാട്ടി.
ഹൈകോടതിയുടെ പ്രവർത്തനങ്ങൾ പൂർണമായി പ്രാദേശിക ഭാഷയിലാക്കണമെന്ന ആശയം അടുത്തിടെ നടന്ന ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നോട്ട് വെച്ചതാണ്. നീതി തേടി കോടതിയിലെത്തുവർക്ക് മനസിലാകുന്ന ഭാഷയിൽ തന്നെയാണ് നീതി ലഭിക്കേണ്ടത്. ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ ആരുടെമേലും അടിച്ചേൽപ്പിക്കുന്ന പ്രശ്നമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.