ന്യൂഡൽഹി: ഡൽഹിയിലെ അതിർത്തികളിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരുടെ മരണത്തെക്കുറിച്ച് കേന്ദ്രസർക്കാറിന്‍റെ കൈവശം രേഖയില്ലെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ. പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമോയെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് പാർലമെന്‍റിൽ രേഖാമൂലം മറുപടി പറയുകയായിരുന്നു അദ്ദേഹം.
'കാർഷിക മന്ത്രാലയത്തിന്‍റെ കൈവശം ഇതുസംബന്ധിച്ച യാതൊരു രേഖയുമില്ല. അതിനാൽ ഈ ചോദ്യം ഉന്നയിക്കേണ്ട ആവശ്യമില്ല' -കൃഷിമന്ത്രി പ്രതികരിച്ചു.
കൃഷിമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ലഭിക്കാതെ രാജ്യത്ത് ആരും മരിച്ചില്ലെന്ന കേന്ദ്രസർക്കാർ വാദത്തിന് സമാനമാണ് ഈ മറുപടിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വാദം.
കേന്ദ്ര സർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷമായി ഡൽഹിയിലെ അതിർത്തിയിൽ തുടരുന്ന പ്രക്ഷോഭത്തിനിടെ 700ഓളം കർഷകർക്കാണ് ജീവൻ നഷ്ടമായത്. തിങ്കളാഴ്ച മൂന്ന് കാർഷിക നിയമങ്ങളും പാർലമെന്‍റ് പിൻവലിച്ചിരുന്നു. ചർച്ച ഒഴിവാക്കി മിനിട്ടുകൾക്കകം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് നിയമങ്ങൾ പിൻവലിച്ചത്.
'അടിസ്ഥാന താങ്ങുവില പ്രശ്നം, ലഖിംപൂർ ഖേരി കർഷകക്കൊല, കർഷകരുടെ മരണം തുടങ്ങിയവ ചർച്ച ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ, നിർഭാഗ്യവശാൽ ചർച്ച അനുവദിച്ചില്ല' -കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരം പിൻവലിക്കാൻ കർഷക സംഘടനകൾ തയാറായിട്ടില്ല. കർഷകർ ഉന്നയിക്കുന്ന മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടാൽ മാത്രമേ പ്രക്ഷോഭം അവസാനിപ്പിക്കുവെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രതികരണം.
വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുക, കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കുക, പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക തുടങ്ങിയവയാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.