കൊൽക്കത്ത: സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ഒരു സീറ്റ് പോലും കോൺഗ്രസിന് വിട്ടുനൽകില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. സംസ്ഥാനത്ത് ബി.ജെ.പിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് സിപി.എമ്മുമായി കൂട്ടുകൂടുകയാണെന്ന് മമത ആരോപിച്ചു. മാൾഡയിലും മുർഷിദാബാദിലും സർക്കാർ പരിപാടികളിൽ സംസാരിക്കുകയായിരുന്നു മമത.
"സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും വിട്ട് നൽകില്ലെന്ന് പറഞ്ഞിട്ടുണ്ട്. സി.പി.എം ഞങ്ങളുടെ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ഞാൻ മറന്നിട്ടില്ല. സി.പി.എമ്മിനോട് ഞാൻ ക്ഷമിക്കില്ല. അവരെ പിന്തുണക്കുന്നവരോടും" - മമത ബാനർജി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറുണ്ടായതറിഞ്ഞ് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചെന്നും സംഭവം നടന്നത് പശ്ചിമ ബംഗാളിലല്ല ബിഹാറിലെ കതിഹാറിലാണ് എന്ന് കണ്ടെത്തിയതായും മമത വ്യക്തമാക്കി. സഖ്യ സാധ്യത തള്ളിക്കളയുകയും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 42 ലോക്‌സഭാ സീറ്റുകളിലും ടി.എം.സി ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിനെതിരായ മമത ബാനർജിയുടെ പരാമർശം.
സംസ്ഥാന നിയമ സഭയിൽ ഒരംഗം പോലുമില്ലാത്ത കോൺഗ്രസിന് താൻ രണ്ട് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ അത് നിരസിച്ച് അവർ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടു. അവർ 42 സീറ്റിലും മത്സരിച്ച് പരാജയപ്പെട്ടാൽ ബി.ജെ.പി സംസ്ഥാനത്ത് സ്ഥാനം പിടിക്കും. അതിന് അനുവദിക്കില്ലെന്ന് മമത വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.