ന്യൂഡൽഹി: സംസ്ഥാന തെരഞ്ഞടുപ്പുകളിൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കാനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബി.എസ്.പി തനിച്ച് മത്സരിക്കുമെന്നും അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിയമസഭ,ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കണമെന്ന് തന്നെയായിരുന്നു പാർട്ടിയുടെ ആഗ്രഹം. എന്നാൽ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന് ബി.എസ്.പിയുമായി ചേർന്ന് മത്സരിക്കുന്നതിൽ താൽപര്യമില്ല. അദ്ദേഹം ബി.ജെ.പി ഏജന്‍റിനെ പോലെയാണ് പെരുമാറുന്നത്. അത്കൊണ്ടാണ് ദിഗ് വിജയ് സിങ് തനിക്ക് സഖ്യത്തിൽ താൽപര്യമില്ലെന്ന് പറഞ്ഞിരുന്നതെന്നും മായാവതി ആരോപിച്ചു.
അതേസമയം, സഖ്യത്തിനായുള്ള രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ശ്രമങ്ങൾ സത്യസന്ധമാണ്. എന്നാൽ കോൺഗ്രസ് പാർട്ടി ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ബി.ജെ.പിയെ ഒറ്റക്ക് തറപറ്റിക്കാനാകുമെന്നാണ് അവർ കണക്ക് കൂട്ടുന്നത്. എന്നാൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ചെയ്ത കാര്യങ്ങൾ ജനങ്ങൾ മറന്നിട്ടില്ല എന്ന കാര്യം അവർ ഒാർക്കുന്നില്ലെന്നും മായാവതി കുറ്റപ്പെടുത്തി.
കോൺഗ്രസ് ആന്തരികമായി മാറിയിട്ടില്ല. ജാതീയ, സമുദായിക മുൻഗണനകളാണ് ഇപ്പോഴുമുള്ളത്. ബി.ജെ.പിയേക്കാൾ സഖ്യകക്ഷികളെ പരാജയപ്പെടുത്താനാണ് കോൺഗ്രസിന്‍റെ ശ്രമം. പല കോൺഗ്രസ് നേതാക്കൾക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ പോലെയുള്ള ഏജൻസികളെ ഭയമാണെന്നും അവർ കൂട്ടിച്ചേർത്തു.
മായാവതി കോൺഗ്രസിനെ കൈവിട്ട് മുന്നോട്ടുപോകുന്നത് ദേശീയ തലത്തിൽ പ്രതിപക്ഷ െഎക്യ സാധ്യതകൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. എന്നാൽ, കേന്ദ്ര ഏജൻസികളെക്കൊണ്ട് മായാവതിയുടെ ശ്വാസംമുട്ടിച്ച് പ്രതിപക്ഷ വിശാലസഖ്യത്തിൽനിന്ന് മാറ്റിനിർത്താൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. മിനി പൊതുതെരഞ്ഞെടുപ്പായി കണക്കാക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, മണിപ്പൂർ, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുകളിലെ നിലപാട് മായാവതി ലോക്സഭ തെരഞ്ഞെടുപ്പിലും ആവർത്തിച്ചാൽ യു.പിയിലെ പ്രതിപക്ഷ മോഹങ്ങൾക്ക് അത് വലിയ തിരിച്ചടിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.