രാജ്യത്തെ പിന്നാക്ക വിഭാഗക്കാരുടെ ജീവിതനിലവാരം എത്രത്തോളം മോശമാണെന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്രയിൽനിന്നുള്ള വാർത്ത. മുംബൈയിൽനിന്ന് 80 കിലോമീറ്റർ മാത്രം അകലെയുള്ള മുർബാദിലെ മനിവാലി ഗ്രാമത്തിൽ ആദിവാസി സ്ത്രീ ആശുപത്രിയിലേക്കുള്ള വഴിമധ്യേ പ്രസവിച്ച വാർത്ത പലരും ഞെട്ടലോടെയാണ് കേട്ടത്.
മുർബാദിനിന്നും എട്ട് കിലോമീറ്റർ അകലെയുള്ള ആദിവാസി ഗ്രാമത്തിലാണ് 24കാരിയായ പുഷ്പയുെട കുടുംബവും താമസിക്കുന്നത്. 60ഓളം വീടുകളും 200ഓളം ആളുകളും ഇവിടെയുണ്ട്. ഈ ഗ്രാമത്തിെൻറ മൂന്ന് ഭാഗവും വെള്ളമാണ്. മറ്റു വശങ്ങളിൽ കൊടുംകാടും. ഗതാഗത മാർഗങ്ങൾ ഇല്ലാത്തതിനാൽ രോഗികളോ ഗർഭിണികളോ ആയ സ്ത്രീകളെ ചുമന്നുവേണം ആശുപത്രികളിൽ എത്തിക്കാൻ. ഇത്തരമൊരു യാത്രയിലാണ് ഡിസംബർ 12ന് തൊഴിലാളിയായ പുഷ്പ വഴിയോരത്ത് പ്രസവിച്ചത്. പൊക്കിൾകൊടി മുറിച്ചുമാറ്റാൻ കഴിയാത്തതിനാൽ ബന്ധുക്കൾ താങ്ങിയെടുത്താണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ഭർത്താവിെൻറ നാട്ടിൽനിന്ന് സ്വന്തം വീട്ടിലെത്തിയതായിരുന്നു പുഷ്പ. അർധരാത്രി ഇവർക്ക് പ്രസവവേദന അനുഭവപ്പെടാൻ തുടങ്ങിയതോടെ കൊടുംകാട്ടിലൂടെ നടത്തം തുടങ്ങി. മാതാപിതാക്കളും നാട്ടുകാരും കൂടെയുണ്ടായിരുന്നു. വേദന കടുത്തതോടെ ടോർച്ചിെൻറയും മൊബൈൽ ഫോണുകളുടെയും വെളിച്ചത്തിൽ പ്രസവമെടുത്തു. ആൺകുട്ടിക്കാണ് ഇവർ ജന്മം നൽകിയത്. പൊക്കിൾകൊടി മുറിച്ചുമാറ്റാൻ കഴിയാത്തിനാൽ പെട്ടെന്ന് തൂക്കുമഞ്ചമുണ്ടാക്കി അതിൽ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
30കാരനായ രമേഷ് ശിങ്വയാണ് പുഷ്പയുടെ ഭർത്താവ്. രാത്രി 3.30ഓടെയാണ് വീട്ടുകാർ പ്രസവവിവരം രമേഷിനെ അറിയിക്കുന്നത്. വഴിമധ്യേ പ്രസവിച്ച വിവരം കേട്ടപ്പോൾ ആദ്യമൊന്ന് പേടിച്ചെങ്കിലും അമ്മയും കുട്ടിയും സുഖമായിരിക്കുന്നുെവന്ന് അറിഞ്ഞപ്പോഴാണ് ഇദ്ദേഹത്തിന് സമാധാനമായത്. ഇവർക്ക് രണ്ട് മക്കൾ കൂടിയുണ്ട്. ദിവസക്കൂലിക്കാരനാണ് രമേഷ്. ഇദ്ദേഹത്തിെൻറ പ്രതിദിന വരുമാനം 250 രൂപയാണ്.
കഴിഞ്ഞ ജൂലൈയിലും സമാനമായ സംഭവം ഗ്രാമത്തിലുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. സർക്കാറുകൾ ഇത്തരം സ്ഥലങ്ങളിലേക്ക് ആംബുലൻസ് അടക്കം എത്തിച്ചേരാനുള്ള വഴി ഒരുക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഗ്രാമത്തിലേക്ക് കുടിവെള്ള ടാങ്കറുകൾക്കും എത്തിപ്പെടാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഗ്രാമീണരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കല്യാണിലെ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ഇവരുടെ പ്രസവത്തെ തുടർന്ന് വിവാദവും ഉടലെടുത്തിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ചശേഷമാണ് പുഷ്പ ആൺകുട്ടിക്ക് ജന്മം നൽകിയതെന്നാണ് ഡോക്ടർമാരുടെയും അധികൃതരുടെയും വാദം. മൂന്ന് ദിവസം ആശുപത്രിയിൽ തങ്ങിയശേഷം ഇവരെ ഡിസ്ചാർജ് ചെയ്തതായും ഡോക്ടർമാർ പറയുന്നു. എന്നാൽ, ഇക്കാര്യം നിഷേധിച്ച് പുഷ്പയുടെ ബന്ധുക്കൾ തന്നെ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.