ഗുവാഹതി: അസമിൽ ഒരു കുടുംബത്തെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണലിെൻറ ഏകപക്ഷീയ വിധി റദ്ദാക്കി ഗുവാഹതി ഹൈകോടതി. വ്യക്തിയുടെ മൗലികാവകാശത്തെ ബാധിക്കുന്ന ഇത്തരം എക്സ്പാർട്ടി വിധികൾ, നടപടിക്ക് വിധേയനാക്കപ്പെടുന്നയാൾ സമർപ്പിക്കുന്ന തെളിവുകൾ പരിശോധിച്ച ശേഷമേ പുറപ്പെടുവിക്കാവൂ എന്നും കോടതി ഉത്തരവിട്ടു.
പൗരത്വകേസുകളിലെ തെളിവുകൾ ഏകപക്ഷീയമായിരിക്കരുതെന്നും ജസ്റ്റിസ് കോടീശ്വർ സിങ്, ജസ്റ്റിസ് മാലശ്രീ നന്ദി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. രേഖകൾ ഹാജരാക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി, മഹാദേവ്പുർ നിവാസിയായ രാജേന്ദ്ര ദാസിനെയും നാലംഗകുടുംബത്തെയും വിദേശികളായി പ്രഖ്യാപിച്ച ഛച്ചാർ ഫോറിനേഴ്സ് ട്രൈബ്യൂണൽ-നാലിെൻറ തീർപ്പാണ് കോടതി റദ്ദാക്കിയത്. രോഗം കാരണം ട്രൈബ്യൂണൽ മുമ്പാകെ ഹാജരാകാൻ കഴിഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കിയ പരാതിക്കാരൻ, വിവിധ രേഖകൾ ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇതു പരിഗണിച്ച് ദാസിനും കുടുംബത്തിനും കോടതി ജാമ്യം നൽകി.
നോട്ടീസ് നൽകിയിട്ടും ഇവർ ഹാജരായില്ലെന്നായിരുന്നു, ഉത്തരവിറക്കാൻ ട്രൈബ്യൂണൽ കാരണം കാണിച്ചത്. എന്നാൽ, പൗരത്വകേസ് പോലുള്ള വിഷയങ്ങളിൽ ട്രൈബ്യൂണലുകൾ ഇങ്ങനെ ഏകപക്ഷീയമായി ഉത്തരവിറക്കരുതെന്ന് നിർദേശിച്ച കോടതി, ഇന്നത്തെ ലോകത്ത് പൗരത്വത്തിെൻറ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു. ''രാജ്യത്തെ നിയമം അനുശാസിക്കുന്ന അവകാശങ്ങൾ വ്യക്തിക്ക് ആസ്വദിക്കാൻ സാധ്യമാകുന്നത് പൗരത്വത്തിൽകൂടി മാത്രമാണ്. ഇതില്ലാതെ വ്യക്തിക്ക് അർഥപൂർണവും അന്തസ്സുള്ളതുമായ ജീവിതം നയിക്കാൻ സാധ്യമല്ല '' -കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.