ബി.ജെ.പിയിലെ ഉന്നതാധികാര സമിതിയായ ദേശീയ എക്സിക്യൂട്ടീവ് രണ്ട് വർഷമായി കൂടുന്നില്ലെന്ന് ദേശീയ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. പാർട്ടി ഭരണഘടനപ്രകാരം മൂന്ന് മാസത്തിലൊരിക്കലാണ് യോഗം കൂടേണ്ടത്. എക്സിക്യൂട്ടീവ് കൂടാത്തതിന് ഉന്നത നേതൃത്വത്തിനെ പഴിക്കുകയാണ് താഴേക്കിടയിലുള്ള നേതാക്കൾ. ദേശീയ എക്സിക്യൂട്ടീവ് മീറ്റിനെ ആന്തരിക ജനാധിപത്യത്തിനുള്ള ബിജെപിയുടെ ഭരണഘടനാ സംവിധാനമായാണ് കണക്കാക്കുന്നത്. ദേശീയ എക്സിക്യുട്ടീവിനൊപ്പം സംസ്ഥാന എക്സിക്യൂട്ടീവുകളും രൂപീകരിച്ചിട്ടുണ്ട്. ഇൗ കാലയളവിൽ നിരവധി സംസ്ഥാനങ്ങൾ വെർച്വലായും നേരിട്ടും യോഗം കൂടിയിട്ടും കേന്ദ്ര നേതൃത്വത്തിന് താൽപ്പര്യമില്ല എന്നാണ് പാർട്ടിക്കുള്ളിൽ ആരോപണം ഉയരുന്നത്.
കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങൾ അവരുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങൾ രണ്ട് വർഷത്തിനുള്ളിൽ നടത്തിയിരുന്നു. ദേശീയ നേതാക്കൾ അവയിൽ പലതിലും നേരിട്ട് പെങ്കടുക്കുകയും ചെയ്തു. പാർട്ടിയിൽ അവസാനമായി പൂർണ ദേശീയ എക്സിക്യൂട്ടീവ് നടന്നത് 2019 ജനുവരിയിലാണ്. ബി.ജെ.പിയിലെ ഒരു വിഭാഗം, ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. കാലതാമസത്തിന് കാരണം നിലവിലെ പാർട്ടി നേതൃത്വമാണെന്നാണ് ഇക്കൂട്ടർ പറയുന്നത്. മീറ്റിങ് മാറ്റിവയ്ക്കുന്നതിനുള്ള ഒഴികഴിവായി കോവിഡിനെ നേതൃത്വം എടുത്തതായും ഇവർ ആരോപിക്കുന്നു.
കാര്യങ്ങൾ ഇങ്ങിനെ തുടർന്നാൽ അധികാര കേന്ദ്രീകരണം സംഭവിക്കുമെന്നും കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്ന ഒരുപിടി നേതാക്കളുടെ കയ്യിൽ പാർട്ടി അകപ്പെടുമെന്നും ഇവർ പറയുന്നു. ബിജെപിയുടെ ഭരണഘടനപ്രകാരം നാഷണൽ എക്സിക്യൂട്ടീവും സ്റ്റേറ്റ് എക്സിക്യൂട്ടീവും മൂന്ന് മാസത്തിലൊരിക്കൽ നടത്തണം. 2010ൽ പാർട്ടി ദേശീയ എക്സിക്യൂട്ടീവിനെ ശക്തിപ്പെടുത്തിയിരുന്നു. അന്ന് അംഗങ്ങളുടെ എണ്ണം 80 ൽ നിന്ന് 120 ആയി ഉയർത്തി. സ്ത്രീകൾക്ക് 33 ശതമാനം സംവരണവും നൽകി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ജൂൺ 21 മുതൽ എല്ലാ സംസ്ഥാന അധ്യക്ഷന്മാരോടും യോഗങ്ങൾ നടത്താൻ നിർദ്ദേശിച്ചിരുന്നു.
അസം ബി.ജെ.പിയുടെ രണ്ട് ദിവസത്തെ സംസ്ഥാന എക്സിക്യൂട്ടീവിൽ സെപ്റ്റംബർ 22-23 തീയതികളിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളും പങ്കെടുത്തു. ഗുവാഹത്തിയിൽ നടന്ന യോഗത്തിൽ അസം ഇൻചാർജും ബിജെപി ദേശീയ വൈസ് പ്രസിഡൻറുമായ ബൈജയന്ത് പാണ്ഡയും പങ്കെടുത്തു. ഉത്തർപ്രദേശിെൻറ സംസ്ഥാന എക്സിക്യൂട്ടീവിൽ ജൂലൈയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുൻ കേന്ദ്രമന്ത്രിയും യുപി ഭാരവാഹിയുമായ രാധാ മോഹൻ സിംഗും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.