തീക്കട്ടയിൽ ഉറുമ്പരിച്ചു! പൊലീസുകാരന്റെ 2 ലക്ഷം രൂപ സൈബർ തട്ടിപ്പുസംഘം അടിച്ചുമാറ്റി

നോയിഡ: തീക്കട്ടയിലും ഉറുമ്പരിക്കുക എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ. നോയിഡയിൽ സൈബർ തട്ടിപ്പുസംഘം ഒരുപൊലീസുകാരനെ തട്ടിപ്പിനിരയാക്കിയതോടെ അതും സംഭവിച്ചു. രാജ്യത്ത് വ്യാപകമായ സൈബർ തട്ടിപ്പു സംഘത്തിനെതിരെ പൊലീസ് ജാഗ്രതയോടെ നിലകൊള്ളുമ്പോഴാണ് നോയിഡയിലെ പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ പറ്റിച്ച് രണ്ട് ലക്ഷം രൂപ അടിച്ചുമാറ്റിയത്.

കമ്പ്യൂട്ടറോ, മൊബൈൽ ഫോണോ ഉപയോഗിച്ച് മറ്റൊരു കമ്പ്യൂട്ടറോ, മൊബൈൽ ഫോണോ നിയന്ത്രിക്കാൻ കഴിയുന്ന ആപ്പ് പൊലീസുകാരന്റെ മൊബൈലിൽ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. നോയിഡ സെക്ടർ 24 പൊലീസ് സ്റ്റേഷനിലെ കാരനായ ഹെഡ് കോൺസ്റ്റബിൾ ദേവേഷ് കുമാർ ഉപാധ്യായ (35) യാണ് തട്ടിപ്പിനിരയായത്.

തട്ടിപ്പ് നടന്നതിങ്ങനെ:

ഫെബ്രുവരി 15ന് ദേവേഷ് കുമാർ ഉപാധ്യായയുടെ ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടു. അന്ന് തന്നെ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്യാൻ എക്‌സിക്യൂട്ടീവിനോട് ആവശ്യപ്പെട്ടു. ഉടൻ തന്നെ മറ്റൊരു നമ്പറിൽ നിന്ന് ഒരു കോൾ വന്നു. ബാങ്ക് ഉദ്യോഗസ്ഥനാണെന്നാണ് വിളിച്ചയാൾ പറഞ്ഞത്. "കാർഡ് വേഗം ബ്ലോക്ക് ചെയ്യാമെന്ന് വിളിച്ചയാൾ ഉറപ്പ് നൽകി. ചില വിശദാംശങ്ങൾ അയാൾ ചോദിച്ചു. ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനും എന്നോട് ആവശ്യപ്പെട്ടു" -ദേവേഷ് കുമാർ ഉപാധ്യായ പറഞ്ഞു.

'ഞാൻ അയാളെ വിശ്വസിച്ച് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തു. പിന്നാലെ, അയാൾ എന്റെ ഫോൺ നിയ​ന്ത്രിക്കാൻ തുടങ്ങി. എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് ഇടപാടുകളിലായി രണ്ട് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു" -ഉപാധ്യായ പറഞ്ഞു. തുടർന്ന് സെക്ടർ 24 പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ ഐ.ടി ആക്‌ട് സെക്ഷൻ 66-ഡി പ്രകാരം കേസെടുത്തതായി സെക്ടർ 24 പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ഗ്യാൻ സിങ് പറഞ്ഞു. സൈബർ സെൽ കേസ് അന്വേഷിക്കുന്നതായും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളിലൂടെയും മൊബൈൽ ഫോൺ നിരീക്ഷണത്തിലൂടെയും പ്രതിയെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംശയാസ്പദമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്; അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

സംശയാസ്പദമായ മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇത് ഓൺലൈൻ തട്ടിപ്പുകൾക്ക് കാരണമായേക്കും.

പിൻ നമ്പർ നൽകാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് മറ്റൊരു രീതി. പണം സ്വീകരിക്കാനാണെന്ന് കരുതി പിൻ നമ്പർ നൽകിയാൽ നമ്മുടെ അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തും. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പൊലീസ് പറയുന്നു. ഈ നിർദേശങ്ങൾ അനുസരിക്കുകയാണെങ്കിൽ തട്ടിപ്പിൽ വീഴാതെ രക്ഷപ്പെടാനാകും.

1. അക്കൗണ്ടിലെ തുക ആർക്കെങ്കിലും നൽകുന്നതിന് മാത്രമാണ് UPI PIN നൽകേണ്ടത്. പണം സ്വീകരിക്കാൻ UPI PIN നൽകേണ്ട ആവശ്യമില്ല.

2. ആർക്കെങ്കിലും പണം നൽകുന്നുവെങ്കിൽ യു.പി.ഐ ഐ.ഡി പരിശോധിച്ച് പണം സ്വീകരിക്കുന്ന ആളുടെ പേരുവിവരങ്ങൾ ഉറപ്പുവരുത്തുക. അതിന് ശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം അയക്കാവൂ.

3. ആപ്പിന്റെ യു.പി.ഐ പിൻ പേജിൽ മാത്രമേ യു.പി.ഐ പിൻ ടൈപ് ചെയ്യാവൂ. മറ്റൊരിടത്തും യു.പി.ഐ പിൻ ഷെയർ ചെയ്യരുത്.

4. പണം നൽകുന്നതിന് മാത്രമേ ക്യു.ആർ കോഡ് സ്കാൻ ചെയ്യേണ്ടതുള്ളൂ. പണം സ്വീകരിക്കുന്നതിന് ക്യു.ആർ കോഡ് സ്കാൻ ചെയ്യേണ്ട ആവശ്യമില്ല.

5. ഒരു കാരണവശാലും അജ്ഞാതരുടെ ആവശ്യപ്രകാരം ആപ്പുകളോ എസ്.എം.എസ് ഫോർവെഡിങ് ആപ്പുകളോ ഡൗൺലോഡ് ചെയ്യരുത്. എനി ഡെസ്ക്, ടീം വ്യൂവർ തുടങ്ങിയ ആപ്പുകൾ പണമിടപാടുമായി ബന്ധമുള്ളവയല്ല. ഇവ സ്ക്രീൻ ഷെയർ ചെയ്യാൻ ഉപയോഗിക്കുന്നതാണ്. തട്ടിപ്പുകാർ അധികവും ഇത്തരം ആപ്പുകൾ വഴിയാണ് പണം തട്ടുന്നത്. 

Tags:    
News Summary - Noida police head constable loses ₹2 lakh in online fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.