മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഭരണ, പ്രതിപക്ഷ എം.എൽ.എമാരുടെ ബഹളത്തെ തുടർന്ന് നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കാതെ ഗവർണർ ഭഗത് സിങ് കോശിയാരി ഇറങ്ങിപോയി. വ്യാഴാഴ്ച ബജറ്റ് സമ്മേളനത്തിന് എത്തിയപ്പോഴാണ് സംഭവം. ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ മന്ത്രി നവാബ് മാലികിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും മറാത്താ ചക്രവർത്തി ശിവജിയുമായി ബന്ധപ്പെട്ട ഗവർണറുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ഭരണപക്ഷവും ബഹളംവെക്കുകയായിരുന്നു.
ഈയിടെ ഔറംഗാബാദിൽ നടന്ന ചടങ്ങിൽ ശിവജിയുടെ ഗുരുവാണ് രാംദാസെന്ന് ഗവർണർ പരാമർശിച്ചിരുന്നു. മറാത്തകാരനായ ശിവജിയുടെ വിജയത്തിനു പിന്നിൽ ബ്രാഹ്മണനായ രാംദാസാണെന്നു വരുത്താനുള്ള ബ്രാഹ്മണ വാദമാണ് ഗവർണർ നടത്തിയതെന്ന് ആരോപിച്ച് കോൺഗ്രസ്, എൻ.സി.പി, ശിവസേന പാർട്ടികളും മറാത്ത സംഘടനകളും രംഗത്തുവന്നു.
ഗവർണറുടെ മാപ്പും രാജിയും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ദാവൂദ് ബന്ധമുള്ള നവാബ് മാലികിനെ സർക്കാർ സംരക്ഷിക്കുകയാണെന്നാണ് ബി.ജെ.പി ആരോപണം. ഗവർണറുടെ ഇറങ്ങിപ്പോക്കിൽ ഇരുപക്ഷവും പരസ്പരം ആരോപണമുന്നയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.