‘ഞങ്ങൾ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കുന്നു’; സനാതന ധർമ വിവാദത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ്

ന്യൂഡൽഹി: ഡി.എം.കെ നേതാക്കളായ ഉദയനിധി സ്റ്റാലിന്റെയും എ. രാജയുടെയും ‘സനാതന ധർമ’ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ്. എല്ലാ മതങ്ങൾക്കും എല്ലാ വിശ്വാസത്തിനും അതിന്റേതായ ഇടമുള്ള 'സർവധർമ സംഭവ'ത്തിലാണ് കോൺഗ്രസ് എപ്പോഴും വിശ്വസിക്കുന്നതെന്ന് പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു. ഡി.എം.കെയോട് സനാതന ധർമ വിഷയം ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും ഇൻഡ്യയിലെ ഓരോ ഘടകകക്ഷികളും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാമെന്നും അദ്ദേഹം പ്രതികരിച്ചു

‘‘എല്ലാ മതങ്ങൾക്കും എല്ലാ വിശ്വാസത്തിനും അതിന്റേതായ ഇടമുള്ള 'സർവധർമ സംഭവ'ത്തിലാണ് കോൺഗ്രസ് എപ്പോഴും വിശ്വസിക്കുന്നത്. അതിൽ എല്ലാ മതത്തിനും വിശ്വാസത്തിനും അതിന്റേതായ ഇടമുണ്ട്. ഒരു പ്രത്യേക വിശ്വാസത്തെ മറ്റൊന്നിനേക്കാൾ താഴ്ന്നതായി ആർക്കും കണക്കാക്കാനാവില്ല. ഇന്ത്യൻ ഭരണഘടനയോ കോൺഗ്രസോ ഈ അഭിപ്രായങ്ങളിലൊന്നും വിശ്വസിക്കുന്നില്ല. കോൺഗ്രസിന്റെ ചരിത്രം എടുക്കുകയാണെങ്കിൽ, ഞങ്ങൾ എല്ലായ്‌പ്പോഴും ഈ നിലപാടാണ് എടുത്തിട്ടുള്ളതെന്ന് നിങ്ങൾക്ക് കാണാം. ഭരണഘടനാ അസംബ്ലി ചർച്ചകളിലും ഇന്ത്യൻ ഭരണഘടനയിലും ഇതേ തത്വങ്ങൾ നിങ്ങൾക്ക് കാണാം. കോൺഗ്രസിന് ഭരണഘടനയെക്കുറിച്ച് ഒരു പുനർവിചിന്തനം നടത്താനാവില്ല’’, പവൻ ഖേര പറഞ്ഞു.

ഉദയനിധിയുടെ പരാമർശത്തെ കോൺഗ്രസ് അപലപിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഞങ്ങൾ ഇത്തരം പ്രസ്താവനകളോട് യോജിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി. കോൺഗ്രസ് സഖ്യകക്ഷിയായ ഡി.എം.കെയോട് ഈ വിഷയം ഉന്നയിക്കുമോ എന്ന ചോദ്യത്തിന് ഈ വിഷയങ്ങൾ ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും ഞങ്ങളുടെ ഓരോ ഘടകകക്ഷികളും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. ‘ആരുടെയെങ്കിലും പരാമർശം വളച്ചൊടിക്കാൻ ആ​രെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. പ്രധാനമന്ത്രിക്ക് അനുയോജ്യമാണെങ്കിൽ ആ പരാമർശങ്ങൾ വളച്ചൊടിക്കട്ടെ, എന്നാൽ ഇൻഡ്യ സഖ്യത്തിലെ ഓരോ അംഗത്തിനും എല്ലാ വിശ്വാസങ്ങളോടും സമുദായങ്ങളോടും വിശ്വാസങ്ങളോടും മതങ്ങളോടും ഏറെ ബഹുമാനമുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.

സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍റെ പരാമർശം. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോളിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. സംഭവം വിവാദമായതോടെ നിരവധി പേരാണ് മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. സനാതന ധർമം എന്നത് എച്ച്.​ഐ.വി, കുഷ്ഠം എന്നിവ പോലെയാണെന്ന പരാമർശവുമായി മുൻ കേന്ദ്ര മന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജയും രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Not agreeing with such statements, we believe in 'Svarvadharma Sambhav' -Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.