തർക്കഭൂമിയിലെ രാമക്ഷേത്രത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ശതകോടീശ്വരൻമാരായ അംബാനിയോ അദാനിയോ ആയിരിക്കുമെന്നാണ് മിക്കയാളുകളും കരുതുന്നത്. എന്നാൽ അവരൊന്നുമല്ല, മൊരാരി ബാപു എന്ന ആൾദൈവമാണ് രാമക്ഷേത്രത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. ക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ വിവരം. സംഘപരിവാറിനെ അനുകൂലിക്കുന്ന ആൾദൈവമാണ് മൊരാരി ബാപു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് 3.17 കോടി രൂപയാണ് ഇദ്ദേഹം ഓൺലൈൻ വഴി ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്.ഇത്രയധികം തുക സംഭാവന നൽകണമെങ്കിൽ ബാപുവിന്റെ യഥാർഥ സമ്പത്ത് എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ. എന്നാൽ അതെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. മൊരാരി ബാപുവിന്റെ യു.എസിലും കാനഡയിലും യു.എസിലും യു.കെയിലുമുള്ള അനുയായികൾ വ്യക്തിപരമായി എട്ടുകോടി രൂപ സംഭാവന നൽകി. ഇതോടെ ബാപുവിന്റെ മത സംഘടനയിൽ നിന്ന് മാത്രം 19.3 കോടി രൂപ സംഭാവന ലഭിച്ചു.
പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് 10 സംഭാവന കൗണ്ടറുകൾ തുറന്നതായി ട്രസ്റ്റ് ഭാരവാഹിയായ അനിൽ മിശ്ര പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിശ്വാസികൾ ഓൺലൈൻ വഴിയും അയോധ്യ ക്ഷേത്രത്തിന് സംഭാവന നൽകി. ചൊവ്വാഴ്ച അഞ്ചുലക്ഷം വിശ്വാസികളാണ് അയോധ്യ സന്ദർശിച്ചത്. അത്രത്തോളം വിശ്വാസികൾ ബുധനാഴ്ചയും എത്തി.
സൂററ്റിലെ വജ്രവ്യാപാരിയായ ദിലീപ് കുമാർ വി. ലഖിയും കുടുംബവുമാണ് വ്യക്തിപരമായി കൂടുതൽ സംഭാവന നൽകിയ മറ്റൊരാൾ. പണത്തിനൊപ്പം101 കിലോ സ്വർണവും അദ്ദേഹം നൽകി. മൊത്തം സംഭാവന ഏതാണ്ട് 68 കോടി രൂപയാണ്. ക്ഷേത്രത്തിന്റെ വാതിലുകൾ, ശ്രീകോവിൽ, ത്രിശൂലം, ഡമരു, തൂണുകൾ എന്നിവ അലങ്കരിക്കാൻ സ്വർണം ഉപയോഗിക്കും. ഗുജറാത്തിലെ വജ്രവ്യാപാരി ഗോവിന്ദ്ഭായ് ധോലാകിയ 11 കോടി രൂപ സംഭാവന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.