ന്യൂഡൽഹി: കോൺഗ്രസിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് മുതിർന്ന നേതാവ് എം. വീരപ്പ മൊയ്ലി. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജിതിൻ പ്രസാദ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യത്തെ ആശ്രയിച്ചുമാത്രം മുന്നോട്ടുപോകാനാകില്ല. നേതാക്കളെ ഉത്തരവാദിത്തം ഏൽപ്പിക്കുേമ്പാൾ മുതിർന്ന നേതൃത്വം പ്രത്യയശാസ്ത്ര പ്രതിബദ്ധത കൂടി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റെന്തിേനക്കാളും പ്രസാദ വ്യക്തിപരമായ ലക്ഷ്യങ്ങൾക്ക് പ്രധാന്യം നൽകി. തുടക്കം മുതൽ തന്നെ ഉത്തർപ്രദേശിലെ നേതാവിന്‍റെ പ്രത്യയശാസ്ത്ര വിശ്വാസ്യതയിൽ സംശയം തോന്നിയിരുന്നു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പശ്ചിമ ബംഗാളിൽ പൂജ്യം സീറ്റ് നേടിയപ്പോൾ തന്നെ അദ്ദേഹം അയോഗ്യനാണെന്ന് തെളിയിച്ചതായും വീരപ്പ മൊയ്ലി പറഞ്ഞു.
പാർട്ടി നേതാക്കളെക്കുറിച്ച് ഉന്നതനേതൃത്വം വ്യക്തമായി പഠിക്കണം. അർഹതയില്ലാത്തവരെ ഒരിക്കലും ജനങ്ങളുടെ നേതാക്കളാക്കാൻ സാധിക്കില്ലെന്നും വീരപ്പ മൊയ്ലി പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
കോൺഗ്രസ് ഇനി പുനർ വിചിന്തനം നടത്തുകയും നയങ്ങളിൽ മാറ്റം വരുത്തുകയും വേണം. എങ്കിൽ മാത്രമേ പാർട്ടിക്ക് മുന്നോട്ടുപോകാനാകൂ -മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.
'ശരിയായ ആളുകളെ ശരിയായ സ്ഥാനത്തിരുത്തി പാർട്ടി പുനസംഘടിപ്പിക്കണം. അർഹതയില്ലാവർക്ക് സ്ഥാനങ്ങൾ നൽകരുത്. ഇതൊരു പാഠമാണ്, സംഭവ വികാസങ്ങൾ മുൻനിർത്തി കോൺഗ്രസ് ആത്മപരിശോധന നടത്തണം' -അദ്ദേഹം പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഒരു വലിയ ശസ്ത്രക്രിയ നടേത്തണ്ടത് ആവശ്യമായിരുന്നു. ശസ്ത്രക്രിയ നടത്തുന്നതിൽ പാർട്ടി വളരെയധികം വൈകി. അതിപ്പോൾ വേണം, നാളെയല്ല -വീരപ്പ മൊയ്ലി പറഞ്ഞു.
അടുത്തവർഷം ഏഴു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടും. അതിനുശേഷം ലോക്സഭ തെരഞ്ഞെടുപ്പും (2024ൽ). ഏഴു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോക്സഭ പൊതു തെരഞ്ഞെടുപ്പ് കൂടുതൽ പ്രയാസകരമായിരിക്കും.
കോൺഗ്രസ് ഇനിയും പാരമ്പര്യം ഉയർത്തിപ്പിടിച്ച് സംസാരിച്ചിട്ട് കാര്യമില്ല. നമ്മൾ സ്വയം ക്രമീകരിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന രാഷ്ട്രീയ മത്സരത്തെ നേരിടാൻ സ്വയം ഒരുങ്ങുകയും വേണം. എന്നുവെച്ചാൽ, മോദിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്നല്ല, പക്ഷേ നമ്മുടെ പാർട്ടിയെ തിരിച്ചുകൊണ്ടുവന്നാൽ മാത്രമേ അതിനു സാധിക്കൂ. ഇപ്പോൾ തന്നെ വലിയ ശസ്ത്രക്രിയ നടത്തണം, നാളെയല്ല -വീരപ്പ മൊയ്ലി പറഞ്ഞു.
'ഞങ്ങൾക്കൊരു നേതാവുണ്ട്. അതിനാൽ അതൊരു പ്രശ്നമല്ല. സോണിയാജി പാർട്ടിയുടെ ചുക്കാൻ പിടിക്കും. അവർ മുന്നോട്ടുവരികയും പാർട്ടിയിൽ വലിയ ശസ്ത്രക്രിയ നടത്തുകയും ചെയ്യും. അവർക്ക് അതിനുള്ള നിശ്ചയദാർഡ്യവും ശേഷിയുമുണ്ട്. പ്രവർത്തകരെ ഉണർത്താൻ അവർക്ക് കഴിയും' -നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളെ കൂടുതൽ പാർട്ടിയിലേക്ക് ആകർഷിക്കണം. ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.