ഇൻഡ്യ സഖ്യം സ്തംഭിച്ച നിലയിൽ; കോൺഗ്രസിന് താൽപര്യം നിയമസഭ തെരഞ്ഞെടുപ്പുകളിൽ -ആരോപണവുമായി നിതീഷ് കുമാർ

പട്ന: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിടാനായി പ്രതിപക്ഷ പാർട്ടികൾ ഒന്നുചേർന്ന് രൂപീകരിച്ച ഇൻഡ്യ സഖ്യം സ്തംഭിച്ച നിലയിലാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് വേണ്ട രീതിയിൽ തയാറെടുപ്പ് നടത്തുന്നില്ലെന്നും നിതീഷ് കുമാർ കുറ്റപ്പെടുത്തി.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള തർക്കത്തിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ പരാമർശം.

ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് കോൺഗ്രസിന് കൂടുതൽ താൽപര്യമെന്ന് തോന്നുന്നുവെന്നും നിതീഷ് കുമാർ സൂചിപ്പിച്ചു. അതിനാൽ ഈ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ ശേഷമേ കോൺഗ്രസ് ഇനി ഇൻഡ്യ സഖ്യത്തിന്റെ യോഗം വിളിക്കാൻ സാധ്യതയുള്ളൂ.

ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്നു വരെ മുംബൈയിലാണ് ഇൻഡ്യ സഖ്യം ഏറ്റവും ഒടുവിൽ സമ്മേളിച്ചത്. അതിനു ശേഷം കൂടിച്ചേരലുകളെ കുറിച്ച് പ്രഖ്യാപനങ്ങളോ ചർച്ചകളോ ഉണ്ടായില്ല. ഡൽഹിയിലായിരിക്കും അടുത്ത യോഗം എന്ന് ഊഹങ്ങൾ പ്രചരിച്ചെങ്കിലും പ്രഖ്യാപനമുണ്ടായില്ല.

ഇൻഡ്യ സഖ്യത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് നിതീഷ് കുമാർ. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാൻ മുൻകൈ എടുത്തതും അദ്ദേഹമാണ്. ഇൻഡ്യ ​സഖ്യത്തിന്റെ ആദ്യ യോഗം ഇക്കഴിഞ്ഞ ജൂണിൽ പട്നയിലായിരുന്നു. നിലവിൽ 28 പ്രതിപക്ഷ പാർട്ടികളാണ് ഇൻഡ്യ സഖ്യത്തിലുള്ളത്.

not much progress in INDIA Nitish Kumar

Tags:    
News Summary - not much progress in INDIA Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.