ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക എന്ന അതികഠിനമായ ടാസ്കിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച അന്തിമ തീരുമാനം സംസ്ഥാനത്തിന്റെയും പാർട്ടിയുടെയും താത്പര്യമാണെന്നും അതിൽ തങ്ങൾ അത്ര തൃപ്തരല്ലെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ്.
ഈ തീരുമാനം എടുത്തത് കർണാടകയുടെയും പാർട്ടിയുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്. എന്റെ സഹോദരന് മുഖ്യമന്ത്രിയാകണമെന്ന് താത്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിന് അത് സാധിച്ചില്ല. ഈ തീരുമാനത്തിൽ ഞങ്ങൾ ഒരുപാട് സന്തുഷ്ടരല്ല.’ -കോൺഗ്രസ് എം.പി കൂടിയായ ഡി.കെ സുരേഷ് പറഞ്ഞു.
അവസാന തീരുമാനത്തിൽ അഞ്ചു വർഷ കാലാവധി ശിവകുമാറിനും സിദ്ധരാമയ്യക്കുമായി വീതിക്കാനും സാധ്യതയുണ്ട്. എന്താണ് തീരുമാനമായ ഫോർമുല എന്നത് അറിയില്ല. പക്ഷേ, രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുക എന്നനിർദേശമാണുള്ളതെന്നാണ് ഞാനറിഞ്ഞത്. - സുരേഷ് വ്യക്തമാക്കി.
അഞ്ചുദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസിൽ തീരുമാനമായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി.കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായീംഒ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് വൈകീട്ട് നടക്കുന്ന കോൺഗ്രസ് ലജിസ്ലേറ്റീവ് പാർട്ടി യോഗത്തിലാണ് പ്രഖ്യാപനമുണ്ടാവുക. ശനിയാഴ്ച സത്യ പ്രതിജ്ഞ നടക്കും.
ലജിസ്ലേറ്റീവ് പാർട്ടി നേതാവായി സിദ്ധരാമയ്യയെ തിരഞ്ഞെടുത്തുവെന്നും മന്ത്രിമാരെ തീരുമാനിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.