ശ്രീനഗർ: ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല പ്രതികരണവുമായി രംഗത്ത്.എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷൻെറ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു എന്‍ഫോഴ്‌സ്‌മെൻറ് നടപടി. 'എനിക്ക് ആശങ്കയൊന്നുമില്ല, അല്ലെങ്കിലും എന്തിനാണ് ആശങ്കപ്പെടുന്നത്? ഉച്ചഭക്ഷണം കഴിക്കാൻ കഴിയാത്തതിൽ മാത്രമാണ് എെൻറ വിഷമം'-മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 വിഷയത്തിൽ തെൻറ പാർട്ടിയുടെ നിലപാട് അബ്ദുല്ല ആവർത്തിച്ചു. പുതിയ അന്വേഷണത്തെ രാഷ്ട്രീയ പകപോക്കൽ എന്നാണ് നാഷനൽ കോൺഫറൻസും കാശ്മീരിലെ മറ്റ് രാഷ്ട്രീയ പാർട്ടികളും വിശേഷിപ്പിച്ചത്. ഫാറൂഖ് അബ്ദുല്ല ജീവിച്ചിരുന്നാലും മരിച്ചാലും പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'നിങ്ങൾ മാധ്യമപ്രവർത്തകർ എന്തും ചോദിച്ചുകൊള്ളൂ. നിങ്ങൾക്ക് കഥകൾ മാത്രമേ ആവശ്യമുള്ളൂ. മറ്റൊന്നും നിങ്ങളെ ആശങ്കപ്പെടുത്തുന്നില്ല. അന്വേഷണ ഏജൻസികൾ അവരുടെ ജോലി ചെയ്യെട്ട. ഞാൻ എെൻറതും ചെയ്യും'-ശ്രീനഗറിലെ ഏജൻസി ഓഫീസിന് പുറത്ത് മാധ്യമപ്രവർത്തകരോട് അബ്ദുല്ല പറഞ്ഞു. ഇപ്പോൾ നടക്കുന്നത് എതിരാളികളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാരിെൻറ നീക്കങ്ങളാണെന്ന് നാഷണൽ കോൺഫറൻസ് പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യത്തിൽ അബ്ദുല്ല നിരപരാധിത്വം തെളിയിക്കുമെന്നും പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്ന ഫാറൂഖ് അബ്ദുല്ല 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ഇ.ഡി ചോദ്യം ചെയ്തത്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസിൽ ഫറൂഖ് അബ്ദുല്ലയെ 2019ലും ഇ.ഡി ചോദ്യം ചെയ്തിരുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് 2002 മുതൽ 2011 വരെ ബി.സി.സി.ഐ 113 കോടി ഗ്രാൻറായി നൽകിയിരുന്നു. ഇതിൽ 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്.
2015 ൽ ജമ്മു കശ്മീർ ഹൈകോടതി സി.ബി.ഐക്ക് കേസ് കൈമാറുകയും 2018 ല്‍ ഫറൂഖ് അബ്ദുല്ലയുടെയും മറ്റു മൂന്ന് ആളുകളുടെയും പേരില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഫറൂഖ് അബ്ദുല്ലയെക്കൂടാതെ മുന്‍ ജനറല്‍ സെക്രട്ടറി എം.ഡി. സലിം ഖാന്‍, ട്രഷറര്‍ അഹ്സന്‍ അഹമ്മദ് മിര്‍സ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബഷീര്‍ അഹമ്മദ് മിസഖര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സി.ബി.ഐ കേസ്. ഇതിൻെറ ഭാഗമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.