മുംബൈ: കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയമിടിപ്പാണ് ദേവാസിലെയും നാസിക്കിലെയും അച്ചടിശാലകളില്‍ നിന്നുയരുന്നത്. അതുകൊണ്ടുതന്നെ, ഇവിടത്തെ 3000 തൊഴിലാളികളെ സംബന്ധിച്ച് അവരുടെ പണി ചില്ലറക്കാര്യമല്ല. പുതിയ 500 രൂപ നോട്ട് ഏറെയും അച്ചടിക്കുന്നത് മധ്യപ്രദേശ് ദേവാസിലെയും മഹാരാഷ്ട്ര നാസിക്കിലെയും പ്രസുകളിലാണ്. രാജ്യമെങ്ങും ജനം ചില്ലറക്കായി നെട്ടോട്ടമോടുമ്പോള്‍ 500 രൂപ നോട്ടിന്‍െറ അച്ചടി ഈ പ്രസുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനുശേഷം രണ്ട് പ്രസിലും യന്ത്രങ്ങള്‍ നിലച്ചിട്ടില്ല.
ഉച്ചഭക്ഷണത്തിനുള്ള രണ്ടുമണിക്കൂര്‍ ബ്രേക്ക് നിര്‍ത്തിവെച്ചു. ഭക്ഷണസമയത്ത് അച്ചടി നിര്‍ത്തിവെക്കാതിരിക്കാന്‍ തൊഴിലാളികള്‍ക്ക് ഗ്രൂപ് ലഞ്ച് അലവന്‍സ് ഏര്‍പ്പെടുത്തി. 2017 മാര്‍ച്ചുവരെ പുതിയ ‘ടാര്‍ഗറ്റ് അലവന്‍സും’ നല്‍കും. പ്രതിമാസം 10000 രൂപ വരെ ഓരോ തൊഴിലാളിക്കും അധികം ലഭിക്കും. മുതിര്‍ന്ന ജീവനക്കാരുടെ ഒഴിവ് റെക്കോഡ് വേഗത്തിലാണ് നികത്തുന്നത്.
മാനേജര്‍മാര്‍ക്കും മുതിന്ന സൂപ്പര്‍വൈസര്‍മാര്‍ക്കും 20,000- 30,000 രൂപയുടെ പ്രത്യേക അലവന്‍സ് പാക്കേജ് തയാറാക്കി. രാജ്യത്തെ യുദ്ധസമാനമായ സാഹചര്യം തൊഴിലാളികളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസുകളുടെ ചുമതലയുള്ള സെക്യൂരിറ്റി പ്രിന്‍റിങ് ആന്‍ഡ് മിന്‍റിങ് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. ദേവാസ് പ്രസില്‍ രണ്ടാഴ്ചക്കിടെ 500 രൂപ നോട്ടുകളുടെ അച്ചടി ദിവസം 60 ലക്ഷത്തില്‍നിന്ന് ഒരു കോടിയായി ഉയര്‍ന്നു.
നാസിക്കില്‍ ദിവസം 50 ലക്ഷം നോട്ടുകളാണ് അടിക്കുന്നത്. അച്ചടിക്കുശേഷം കറന്‍സി സൂക്ഷിക്കുന്ന രാജ്യത്തെ 4400 കേന്ദ്രങ്ങളിലേക്ക് വിമാനത്തിലാണ് അയക്കുന്നത്. യന്ത്രത്തകരാര്‍, നോട്ട് അച്ചടിക്കാനുള്ള കടലാസിന്‍െറ ദൗര്‍ലഭ്യം തുടങ്ങിയ സ്ഥിരം പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പ്രസ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.