ബംഗളൂരു: പ്രശസ്ത കന്നഡ ദലിത് കവിയും നാടകകൃത്തും ആക്ടിവിസ്റ്റുമായ ഡോ. സിദ്ധലിംഗയ്യ (67) കോവിഡ് ബാധിച്ച് മരിച്ചു. അസുഖബാധയെ തുടർന്ന് മേയ് നാലിന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിദ്ധലിംഗയ്യയെ കുറച്ചുദിവസങ്ങളായി തീവ്രപരിചരണത്തിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3.45നാണ് മരണം.
ദലിത് മുന്നേറ്റത്തിനായി കർണാടകയിൽ 1974-ല്‍ രൂപവൽകരിച്ച ദലിത് സംഘര്‍ഷ് സമിതിയുടെ സ്ഥാപകരിലൊരാളാണ്. പ്രഫ. ബി. കൃഷ്ണപ്പ, ദേവനൂരു മഹാദേവപ്പ, കെ.ബി. സിദ്ധയ്യ എന്നിവരാണ് മറ്റു സ്ഥാപക അംഗങ്ങള്‍. 1980-ല്‍ കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1988ലും 2006 ലും എം.എൽ.എയായി. കന്നട വികസന അതോറിറ്റി മുൻ ചെയർമാനാണ്.
രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും അതിെൻറ യഥാർഥ ഗുണം ദലിതരും ആദിവാസികളും കർഷകരും അടക്കമുള്ള അടിസ്ഥാന വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് പാടിപ്പറഞ്ഞ അദ്ദേഹത്തിെൻറ 'യാരികെ ബന്തു യെല്ലികെ ബന്തു നൽവത്തേളര സ്വാതന്ത്ര്യ' (ആർക്കു വന്നു എവിടെ വന്നു നാൽപത്തേഴിലെ സ്വാതന്ത്ര്യം..) എന്ന വിപ്ലവഗാനം കന്നഡയിൽ ഏറെ ജനകീയമാണ്.
കന്നഡയിലെ ആദ്യ അറിയപ്പെടുന്ന ദലിത് കവിയാണ് സിദ്ധലിംഗയ്യ. തെൻറ രചനയിലൂടെ അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിെൻറ വേദനകള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. കർണാടകയിൽ ദലിത് സാഹിത്യ പ്രസ്ഥാനത്തിെൻറ ഉപജ്ഞാതാവ് കൂടിയായിരുന്നു അദ്ദേഹം.
2019-ല്‍ കന്നഡ സാംസ്‌കാരിക വകുപ്പിെൻറ പമ്പ അവാര്‍ഡ് ലഭിച്ചു. കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ്, നൃപതുംഗ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും നേടി. 2006ൽ ആത്മകഥ 'ഉൗരു കേരി' പ്രസിദ്ധീകരിച്ചു. ഹൊലെമദിഗര ഹാദു, സവിരാരു നടിഗളു, മെരവനിഗെ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. പഞ്ചമ, നെലസാമ, ഏകലവ്യ തുടങ്ങിയ നാടകങ്ങള്‍ രചിച്ചു.
സിദ്ധലിംഗയ്യയുടെ മരണത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ അനുശോചിച്ചു. ദലിതരുടെ വേദനകളാണ് സിസദ്ധലിംഗയ്യ തെൻറ രചനകളിലൂടെ പകർത്തിയിരുന്നതെന്നും അവരുടെ ഉയിർത്തെഴുന്നേൽപ്പിനായാണ് അദ്ദേഹം പരിശ്രമിച്ചിരുന്നതെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. സാമൂഹിക സമത്വത്തിനു വേണ്ടി പോരാടിയ വ്യക്തിയാണ് സിദ്ധലിംഗയ്യയെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.