പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച വെൽഫെയർ പാർട്ടി നേതാവിന്റെ വീട് പൊളിക്കാൻ നോട്ടീസ്

അലഹാബാദ്: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വെൽഫെയർ പാർട്ടി നേതാവ് മുഹമ്മദ് ജാവേദിന്റെ വീട് പൊളിക്കുമെന്ന് നോട്ടീസ് നൽകി പ്രാദേശിക ഭരണകൂടം. വീട് പൊളിച്ചു കളയാൻ പോവുകയാണെന്നും വീട്ടുകാർ ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങൾ നിലവിൽ വീട്ടിനുള്ളിൽ ഉണ്ട്. നിരവധി പൊലീസ് ഉദ്യോഗസ്ഥർ ജാവേദിന്റെ വീടിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ മുഴുവൻ മുസ്‍ലിം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം നിർബന്ധപൂർവം ഒഴിപ്പിക്കുന്നുണ്ട്.

പ്രയാഗ് രാജിലെ ആക്രമണത്തിൽ പങ്കുണ്ടെന്നാരോപിച്ചാണ് ജാവേദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന്റെ സൂത്രധാരനാണ് മുഹമ്മദ് ജാവേദ് എന്നാണ് പൊലീസ് ആരോപിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയിലായിരുന്നു ഇദ്ദേഹത്തെയും ഭാര്യയെയും മകളെയും അടക്കം 60 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


വാറന്റില്ലാതെയാണ് ജാവേദിനെ കസ്റ്റഡിയിലെടുത്തതെന്നും പാതിരാത്രിയാണ് സ്ത്രീകളടക്കമുള്ളവരെ പൊലീസ് കൊണ്ടുപോയതെന്നും കുടുംബം ആരോപിച്ചിരുന്നു. നിയമവിരുദ്ധമായ കസ്റ്റഡിയെന്നു കാണിച്ച് മകൾ അഫ്രീൻ ഫാത്തിമ ദേശീയ വനിത കമീഷന് പരാതി നൽകിയിട്ടുണ്ട്. അറിയിപ്പോ വാറന്‍റോ ഒന്നുമില്ലാതെ എത്തിയ അലഹബാദ് പൊലീസ് കുടുംബത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയായിരുന്നു എന്ന് അഫ്രീന്‍ ദേശീയ വനിതാ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

''അലഹബാദ് പൊലീസ് ഇന്നലെ രാത്രി അന്യായമായി പിടിച്ചു കൊണ്ടുപോയ എന്‍റെ പിതാവ് ജാവേദ് മുഹമ്മദ്, അമ്മ പർവീൺ ഫാത്തിമ, സഹോദരി സുമയ്യ ഫാത്തിമ എന്നിവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയോടെയാണ് ഇതെഴുതുന്നത്, യാതൊരുവിധ അറിയിപ്പോ, വാറന്‍റോ കൂടാതെയാണ് പൊലീസ് എന്‍റെ കുടുബത്തെ പിടിച്ചു കൊണ്ടുപോയത്, അവരെവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല''. അ​ഫ്രീൻ പരാതിയിൽ വിവരിക്കുന്നു.

ജാവേദും മകൾ അഫ്രീനും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് യു.പി പൊലീസ് ആരോപിച്ചു. ജെ.എൻ.യുവിൽ പഠിക്കുന്ന അ​ഫ്രീൻ കുപ്രസിദ്ധയാണെന്ന് പ്രയാഗ്രാജ് എസ്.എസ്.പി പരിഹസിച്ചു. അലിഗഢ് യൂണിവേഴ്സിറ്റി യൂനിയന്‍ മുന്‍ പ്രസിഡന്‍റും നിലവിലെ ജെ.എന്‍.യു യൂനിയന്‍ കൗണ്‍സിലറുമാണ് അഫ്രീന്‍ ഫാത്തിമ. നിലവില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്‍റിന്റെ ദേശീയ സെക്രട്ടറി കൂടിയാണ് അഫ്രീൻ.

Tags:    
News Summary - Notice to demolish the house of the Welfare Party leader who protested against the blasphemy of the Prophet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.