പൂച്ചകളും പുലികളുമൊക്കെ ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കിലും രണ്ടുകൂട്ടരും പ്രകൃതത്തിൽ അത്ര യോജിപ്പുള്ളവരല്ല. പൂച്ചകളെ ഓമനിച്ച് വളർത്താമെങ്കിൽ പുലികളെ ഓമനിക്കാൻ ചെന്നാൽ ചിലപ്പോൾ നല്ല കടികിട്ടിയെന്നിരിക്കും. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് പൂച്ചക്കുട്ടികളെന്ന് വിചാരിച്ച് പുലിക്കുട്ടികളെ കാട്ടിൽ നിന്ന് കൊണ്ടുവന്ന ഒരു കർഷക കുടുംബത്തിന്‍റെ കഥയാണ്.
സംഭവം നടന്നത് അങ്ങ് ഹരിയാനയിലാണ്. കർഷകനും കുടുംബവുമാണ് കാട്ടിൽ നിന്നും പൂച്ചക്കുട്ടികളാണ് എന്ന് തെറ്റിദ്ധരിച്ച് പുള്ളിപ്പുലിയുടെ കുട്ടികളെ എടുത്ത് വീട്ടിലേക്ക് കൊണ്ടു വന്നത്. ഹരിയാനയിലെ നൂഹ് ജില്ലയിലെ കോട്‌ല ഗ്രാമത്തിൽ നിന്നുള്ള കുടുംബമാണ് വ്യാഴാഴ്ച വൈകുന്നേരം തങ്ങളുടെ കന്നുകാലികളെ മേയ്ക്കാൻ അടുത്തുള്ള വനത്തിൽ പോയപ്പോൾ സാമാന്യം വലിയ രണ്ട് വലിയ 'പൂച്ചക്കുട്ടികളെ' കാണുന്നത്. അവയുമായി ഇവർ തങ്ങളുടെ ഗ്രാമത്തിലെ വീട്ടിൽ തിരികെ എത്തി.
വ്യാഴാഴ്ച കന്നുകാലി മേയ്ക്കാൻ തങ്ങൾ വനമേഖലയിൽ പോയിരുന്നതായി കർഷകൻ മുഹമ്മദ് സാജിദ് (20) പറഞ്ഞു. ‘വൈകിട്ട് 5 മണിയോടെ, ഞാനും കുടുംബവും കന്നുകാലികളുമായി മടങ്ങുമ്പോൾ പൂച്ചക്കുട്ടികളുടെ കരച്ചിൽ കേട്ട് പരിശോധിക്കാൻ പോയി. അമ്മയെ തിരയുന്ന രണ്ട് "പൂച്ചക്കുട്ടികളെ" ഞങ്ങൾ അവിടെ കണ്ടു. കൂട്ടത്തിൽ മറ്റ് പൂച്ചകളൊന്നും ഇല്ലാത്തതിനാൽ ഞങ്ങൾ അവരെ വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിലെത്തി ഞങ്ങൾ അവർക്ക് ആട്ടിൻപാൽ കൊടുത്തു. അവർ ഞങ്ങളോടൊപ്പം കളിക്കാൻ തുടങ്ങി. അവയിൽ അസ്വാഭാവികമായ എന്തോ ഒന്ന് ഉണ്ടായിരുന്നു. അവ ശരാശരി പൂച്ചക്കുട്ടിയേക്കാൾ വലുതായിരുന്നു. അതിനാൽ ഞാൻ ചില ഗ്രാമീണരെ വീട്ടിലേക്ക് വിളിച്ചു. അവരാണിത് പുലിക്കുട്ടികളാണെന്ന് സ്ഥിരീകരിച്ചത്’-സാജിദ് പറഞ്ഞു.
ആ രാത്രി മുഴുവൻ രണ്ട് കുഞ്ഞുങ്ങളെയും നോക്കിയ ശേഷം രാവിലെ കുടുംബം വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ, ഹരിയാന വനം വകുപ്പ് ഈ രണ്ട് പുള്ളിപ്പുലിയുടെ കുട്ടികളെയും സുരക്ഷിതമായി അമ്മ പുള്ളിപ്പുലിയുടെ അടുത്തെത്തിച്ചു. ഉദ്യോഗസ്ഥർ വന്ന് കുഞ്ഞുങ്ങളെ കൊണ്ടുപോയി. വൈകുന്നേരം ഉദ്യോഗസ്ഥർ കുടുംബം എവിടെ നിന്നാണോ ആ കുഞ്ഞുങ്ങളെ എടുത്തു കൊണ്ടുവന്നത് അതേ സ്ഥലത്ത് കുഞ്ഞുങ്ങളെ കൊണ്ടുചെന്നാക്കി. പിന്നീട് അവയുടെ അമ്മ എത്തി എന്നും കുഞ്ഞുങ്ങൾ സുരക്ഷിതമായി അമ്മയ്ക്കൊപ്പം ചേർന്നു എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിന് മുമ്പും പലപ്പോഴും പുള്ളിപ്പുലിയുടെ കുട്ടികളെ പൂച്ചക്കുട്ടികളാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട സംഭവങ്ങൾ പലയിടത്തും ഉണ്ടായിട്ടുണ്ട്. അവയുടെ രൂപവും ശബ്ദവും തന്നെയാണ് അതിന് കാരണം. കഴിഞ്ഞ 14 വർഷമായി താൻ നിരവധി പുലികളെ കണ്ടിട്ടുണ്ടെങ്കിലും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കണ്ടെത്തുന്നത് ആദ്യമാണെന്ന് സാജിദിന് ഒപ്പമുണ്ടായിരുന്ന സെഹ്രൻ ഖാൻ (26) പറഞ്ഞു. ‘അവർ രാത്രിയിൽ ഒരു ഫാനിന്റെ മുന്നിൽ നന്നായി ഉറങ്ങുകയും ഞങ്ങളുടെ കുട്ടികളുമായി കളിക്കുകയും ചെയ്തു. പക്ഷേ, പുലിക്കുട്ടികളാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടി. അവരുടെ അമ്മ അവരെ തേടി വരുമെന്നും ഞങ്ങളെ ആക്രമിക്കുകയോ കുട്ടികളെ ഉപദ്രവിക്കുകയോ ചെയ്യുമെന്ന് ഗ്രാമവാസികൾ പറഞ്ഞു. ഞങ്ങൾ വ്യാഴാഴ്ച രാത്രി വൈൽഡ് ലൈഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു, വെള്ളിയാഴ്ച രാവിലെയോടെ അവർ എത്തി’- അദ്ദേഹം പറഞ്ഞു.
തങ്ങൾ വീട്ടിലെത്തിയപ്പോൾ പുലി കുഞ്ഞുങ്ങൾ കളിക്കുകയായിരുന്നുവെന്ന് വൈൽഡ് ലൈഫ് ഇൻസ്‌പെക്ടർ രാജേഷ് ചാഹൽ പറഞ്ഞു. ഗ്രാമവാസികളും പത്രപ്രവർത്തകരും അടങ്ങുന്ന ഒരു വലിയ സംഘം അപ്പോഴേക്കും വീട് വളഞ്ഞിരുന്നു. ‘ഞങ്ങൾ ഗ്രാമീണർ കുഞ്ഞുങ്ങളെ എടുത്ത സ്ഥലത്തേക്ക് തിരിടെ കൊണ്ടുപോയി അവയുടെ അമ്മയുടെ കാലടയാളങ്ങൾ പരിശോധിച്ചു. പിന്നീട് പുലി കുഞ്ഞുങ്ങളെ അഴിച്ചുവിട്ടു. പ്രതീക്ഷിച്ചതുപോലെ, അമ്മ മറ്റൊരു കുട്ടിയുമായി വൈകുന്നേരം 5 മണിയോടെ സ്ഥലത്തെത്തി മൂന്ന് പേരെയും കൂട്ടിക്കൊണ്ടുപോയി’-രാജേഷ് ചാഹൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.