മനോജ് ജാരങ്കെ

ഒ.ബി.സി നേതാക്കൾ മറാത്തികളെ ലക്ഷ്യം വെക്കുന്നു- മനോജ് ജാരങ്കെ

മുംബൈ: ഒ.ബി.സി നേതാക്കൾ മറാത്തികളെ ലക്ഷ്യം വെക്കുന്നുവെന്ന് മറാത്ത ക്വാട്ട ആക്റ്റിവിസ്റ്റ് മനോജ് ജാരങ്കെ. അവർക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്നും മറാത്ത നേതാക്കൾ സമുദായത്തിലെ യുവാക്കൾക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

മറാത്ത സമുദായത്തിന് സംവരണം നൽകാനുള്ള പിൻവാതിൽ ശ്രമങ്ങളെ എതിർക്കും എന്ന മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബലിന്‍റെ പരാമർശത്തിന് പിന്നാലെയാണ് മനോജ് ജാരങ്കെയുടെ പ്രതികരണം. അക്രമവും സമ്മർദ്ദ തന്ത്രങ്ങളും എതിർക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ച ബീഡിൽ മറാത്ത ക്വാട്ടാ പ്രക്ഷോഭം അക്രമാസക്തമായപ്പോൾ എൻ.സി.പി എം.എൽ.എമാരായ പ്രകാശ് സോളങ്കെ, സന്ദീപ് ക്ഷീർസാഗർ എന്നിവരുടെ വീടുകൾ ഭുജ്ബൽ സന്ദർശിച്ചിരുന്നു. മന്ത്രിയുടെ ബീഡ് സന്ദർശനം മാറാത്തികളെ ലക്ഷ്യം വെച്ചുള്ളതാണെന്നും സമാധാനപരമായി സമരം ചെയ്യുന്ന മറാത്ത വിഭാഗക്കാർക്കെതിരെയാണ് കേസെടുക്കുന്നതെന്നും മനോജ് ജാരങ്കെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

"സമാധാനപരമായി സമരം ചെയ്യുന്ന മറാത്ത വിഭാഗക്കാർക്കെതിരെയാണ് കേസെടുക്കുന്നത്. സംസ്ഥാനത്തെ മറാത്ത നേതാക്കൾ ഇത് പരിശോധിച്ച് യുവാക്കൾക്കൊപ്പം നിൽക്കണം ഇന്ന് അവർക്കൊപ്പം നിന്നില്ലെങ്കിൽ നാളെ നിങ്ങളോട് അവർ ക്ഷമിക്കില്ല. മറാത്ത സമുദായത്തിന് അക്രമവുമായി ബന്ധമില്ല. ഇതാണ് സമുദായത്തിനൊപ്പം നിൽക്കാനുള്ള യഥാർഥ സമയം"- മനോജ് ജാരങ്കെ പറഞ്ഞു.

മറാത്ത സംവരണത്തിൽ ഭുജ്ബൽ ഇത്രയധികം വിഷമിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള ആളുകൾ പോലും അദ്ദേഹം സംഘർഷമുണ്ടാക്കുന്നുവെന്ന് പറയുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - OBC leaders targeting Marathas claims quota activist Jarange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.