ന്യൂഡൽഹി: ഒഡിഷ ബാലസോറിൽ 275 പേരുടെ മരണത്തിനും 1,175 പേർക്ക് പരിക്കേൽക്കാനുമിടയായ ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി സി.ബി.ഐ. കഴിഞ്ഞ ദിവസമാണ് സി.ബി.ഐ അന്വേഷണത്തിന് റെയിൽവേ ബോർഡ് ശിപാർശ നൽകിയത്. കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തുകൊണ്ടുള്ള തുടർ നടപടികൾ വൈകാതെയുണ്ടാകുമെന്നാണ് വിവരം.
റെയിൽവേ ബോർഡ് ശിപാർശ ചെയ്ത സാഹചര്യത്തിൽ, ജൂൺ മൂന്നിന് ഒഡിഷ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സി.ബി.ഐ ഏറ്റെടുക്കും. ഐ.പി.സി സെക്ഷൻ 337,338, 304 എ (അശ്രദ്ധമൂലമുള്ള മരണം), 34 (പൊതുവായുള്ള ഉദ്ദേശ്യം), സെക്ഷൻ 153 (റെയിൽവേ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ നിയമവിരുദ്ധവും അശ്രദ്ധവുമായ പ്രവർത്തനം), 154,175 (ജീവൻ അപകടത്തിലാക്കൽ) തുടങ്ങിയ റെയിൽവേ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് നിലവിൽ ഒഡിഷ പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസ് വൈകാതെ തന്നെ ഡൽഹി ആസ്ഥാനത്തെ സി.ബി.ഐയുടെ പ്രത്യേക ക്രൈം യൂനിറ്റിനായിരിക്കും കൈമാറുക.
നടപടി പ്രകാരം പ്രാദേശിക പൊലീസിന്റെ എഫ്.ഐ.ആർ സി.ബി.ഐയുടെ സ്വന്തം കേസായി വീണ്ടും രജിസ്റ്റർ ചെയ്തശേഷമായിരിക്കും അന്വേഷണം ആരംഭിക്കുക. അന്വേഷണത്തിനുശേഷം ആവശ്യമെങ്കിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ എഫ്.ഐ.ആറിൽനിന്ന് ആവശ്യമായ കുറ്റം മാറ്റാനും ചേർക്കാനുമാകും. ട്രെയിൻ കടന്നുപോകാൻ സിഗ്നൽ നൽകുന്ന പോയന്റ് മെഷീൻ, ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം എന്നിവയിൽ സംഭവിച്ച പിഴവാണ് രാജ്യത്തെ നടുക്കിയ മഹാദുരന്തത്തിന് കാരണമായതെന്നാണ് റെയിൽവേ അധികൃതർ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.