ട്രെയിൻ അപകടം: മൃതദേഹങ്ങൾ തിരിച്ചറിയുക വെല്ലുവിളി, അഴുകിത്തുടങ്ങിയെന്ന് അധികൃതർ

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നത് ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യമാണെന്ന് അധികൃതർ. ഇതുവരെ 150 ഓളം പേരെ മാത്രമാണ് തിരിച്ചറിയാനായിട്ടുള്ളത്. ആളുകളെ തിരിച്ചറിയാനായി സംസ്ഥാന സർക്കാർ ഫോറൻസിക് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ​​ഫോറൻസിക് സയൻസ് ലാബിൽ പരിശോധന നടത്തും.

മൃതദേഹങ്ങൾ സൂക്ഷിക്കാൻ അപകടം നടന്നതിനു സമീപത്തെ സ്കൂളാണ് തെരഞ്ഞെടുത്തത്. അപകട സ്ഥലത്തിന് തൊട്ടടുത്തായതിനാലാണ് സ്കൂൾ തെരഞ്ഞെടുത്തതെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, ക്ലാസ്റൂമുകളും ഹാളുകളും ആവശ്യത്തിന് സ്ഥലം നൽകുന്നുണ്ടെന്നതും സ്കൂളുകൾ തെരഞ്ഞെുടക്കുന്നതിലേക്ക് നയിച്ചു. 163 മൃതദേഹങ്ങൾ സ്കൂളിലേക്ക് കൊണ്ടുവന്നു. അതിൽ 30 പേരെ ബന്ധുക്കൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതൊരു അടിയന്തര സാഹചര്യമാണെന്ന് ഡി.എസ്.പി രഞ്ജിത് നായിക് പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയാനായി ബന്ധുക്കൾ വരുന്നുണ്ട്. എന്നാൽ ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ബന്ധുക്കളെ അതീവ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നതെനും അദ്ദേഹം പറഞ്ഞു.

100 ഓളം പേർ സ്കൂളിൽ മാത്രം സേവനം അനുഷ്ഠിക്കുന്നുണ്ട്. മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയിട്ടുണ്ട്. അത് കൈകാര്യം ചെയ്യുന്നത് വളരെ പണിപ്പെട്ടാണ്. അതിലും കഷ്ടമാണ് ബന്ധുക്കളുടെ ദുഃഖം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആളുകൾ ഓരോ മൃതദേഹത്തിന്റെ അടുത്തെത്തി വെള്ളപുതപ്പ് മാറ്റി നോക്കുകയും തിരിച്ചറിയാനായില്ലെങ്കിൽ അവരുടെ കൈയിലുള്ള ഫോണുൾപ്പെടെയുള്ള മറ്റ് വസ്തുക്കൾ പരിശോധിക്കുകയുമാണ്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ, വിലാസവും യാത്രചെയ്തതിന്റെ തെളിവും നൽകും. റിസർവേഷൻ പട്ടികയിലെ പേരും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയതോടെ അവയിൽ പലതും ആശുപത്രിയിലേക്ക് ത​ന്നെ മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ട്രെയിൻ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചു. www.srcodisha.nic.in, www.bmc.gov.in, www.osdma.org എന്നീ വെബ്സൈറ്റുകളിൽ വിവരം ലഭ്യമാണ്. മരിച്ചവരുടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളും വെബ്സൈറ്റിൽ പങ്കുവച്ചിട്ടുണ്ട്. 

Tags:    
News Summary - Odisha train tragedy: identifying dead a big challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.