ഡൽഹി: കോവിഡ് ബാധിച്ച് 19 പ്രൊഫസർമാരും 25 അനധ്യാപക ജീവനക്കാരും അടക്കം44 പേർമരിച്ച അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് വൈസ്ചാൻസിലർ. സംഭവത്തിൽ ജനിതക വ്യതിയാനം സംബന്ധിച്ച പഠനം നടത്തണമെന്ന് സർവ്വകലാശാല വൈസ്ചാൻസിലർ താരിഖ് മൻസൂർ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനോട് (ഐസിഎംആർ) ആവശ്യപ്പെട്ടു. കോവിഡ് വൈറസിെൻറ മാരകമായ വകഭേദങ്ങളേതെങ്കിലും ബാധിച്ചാണോ സർവ്വകലാശാലയിലെ മരണങ്ങൾ എന്ന സംശയമാണ് വൈസ്ചാൻസിലർ ഉന്നയിക്കുന്നത്.
'ഇത്രയധികം മരണങ്ങൾ ഉണ്ടായത് അലിഗഡിലെ സിവിൽ ലൈൻ പ്രദേശത്ത് പ്രത്യേക വൈറൽ വേരിയൻറ് പ്രചരിക്കുന്നുണ്ടെന്ന സംശയത്തിന് ഇടയാക്കുന്നു'-ചാൻസിലർ എഴുതി.ഡൽഹിയിലെ സിഎസ്ഐആറിെൻറ (കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) ഇൻസ്റ്റിട്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ട്. 'സർവകലാശാലയുടെ സെമിത്തേരി ഇപ്പോൾ നിറഞ്ഞിരിക്കുന്നു. ഇതൊരു വലിയ ദുരന്തമാണ്. ഡീൻ, ചെയർമാൻ എന്നിവരുൾപ്പെടെ നിരവധി വലിയ ഡോക്ടർമാരും മുതിർന്ന പ്രൊഫസർമാരും മരിച്ചു. ആരോഗ്യമുള്ള ചെറുപ്പക്കാരും മരിച്ചു'-പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഡോ. അർഷി ഖാൻ പറഞ്ഞു.
'ഇത്തവണത്തെ വൈറസ് ബാധ വളരെ മോശമാണ്. മരണനിരക്ക് ഇത്തവണ ഏറെ കൂടുതലാണ്, ഇത് വളരെയധികം ആശങ്കാജനകമാണ്'-സർവകലാശാല വക്താവ് ഷാഫി കിദ്വായി പറഞ്ഞു. ഡോ. ഷാദാബ് ഖാൻ, മെഡിസിൻ വിഭാഗത്തിലെ ഡോ. ആരിഫ് സിദ്ദിഖ്, സുവോളജിയിൽ നിന്നുള്ള പ്രൊഫസർ ഹുമയൂൺ മുറാദ് എന്നിവരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അലിഗഡിൽ മരിച്ചത്.
കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ പ്രൊഫസർ ജംഷെഡ് സിദ്ദിഖി, സൈക്കോളജി വിഭാഗത്തിലെ പ്രൊഫസർമാരായ സയീദുസ് സഫർ, സാജിദ് അലി ഖാൻ എന്നിവരും മരിച്ചു. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ലോ, തിയോളജി വിഭാഗങ്ങൾക്കും പ്രൊഫസർമാരെ നഷ്ടപ്പെട്ടു.അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ 30,000 ത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. അതിൽ 16,000 പേർ 19 ഹോസ്റ്റലുകളിലായി താമസിക്കുന്നുണ്ട്. നേരത്തെ, യൂനിവേഴ്സിറ്റി അടച്ചപ്പോഴും ചില വിദ്യാർഥികൾ ഇവിടെ താമസിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഹോസ്റ്റലുകൾ ശൂന്യമാണ്.
'ഇപ്പോൾ 50-60 വിദ്യാർഥികൾ മാത്രമാണ് ഇവിടെയുള്ളത്. അവരുടെ തീസിസ് സമർപ്പിക്കുന്നതിനാണ് അവർ ഇവിടെ തങ്ങുന്നത്. മാതാപിതാക്കളിൽ നിന്ന് അവർക്ക് ദിവസേന വിളി വരുന്നുണ്ട്. എന്നാൽ വിദ്യാർഥികൾ അവരുടെ ജോലി പൂർത്തിയാക്കാതെ പോകാൻ കഴിയില്ലെന്ന് പറയുന്നു'-ഗവേഷണ വിദ്യാർഥിയായ സൽമാൻ ഖമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.