ന്യൂഡൽഹി: വൻതോതിലുള്ള എണ്ണ ഇറക്കുമതി രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഡോളറിനെതിരെ രൂപ കൂപ്പുകുത്തുകയും വ്യാപാരക്കമ്മി കുത്തനെ ഉയരുകയും ചെയ്യുന്നത് ചർച്ചചെയ്യാൻ അടിയന്തരമായി വിളിച്ചുചേർത്ത മന്ത്രിതല യോഗത്തിനു മുന്നോടിയായാണ് സാമ്പത്തിക പ്രതിസന്ധി പരോക്ഷമായി സമ്മതിച്ച് കേന്ദ്രമന്ത്രിയുടെ പരാമർശം.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ മൊത്തം ആഭ്യന്തര ആവശ്യത്തിെൻറ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. എണ്ണക്കു ബദലായി മറ്റ് ഇന്ധനങ്ങൾ കണ്ടെത്തേണ്ട സമയമാണിതെന്നും എഥനോൾ, മെഥനോൾ, പ്രകൃതിവാതകം, വൈദ്യുതി തുടങ്ങിയവ കൂടുതൽ വ്യാപകമാക്കാനാകണമെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
ഇൗ വർഷാരംഭം മുതൽ ഡോളറിനെതിരെ 13 ശതമാനത്തിെൻറ തകർച്ചയാണ് രൂപ നേരിട്ടത്. ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന നാണയങ്ങളിലൊന്നായി ഇതോടെ രൂപ മാറി. വ്യാഴാഴ്ച വീണ്ടും താഴോട്ടുപോയ രൂപ ഡോളറിനെതിരെ 73.81നാണ് വിനിമയം അവസാനിപ്പിച്ചത്. ഇന്നലെ മാത്രം മുംബൈ ഒാഹരി സൂചിക 800 പോയൻറ് താഴ്ന്നു.
പ്രതിസന്ധിക്ക് പരിഹാരം കാണാൻ പ്രധാനമന്ത്രിയുടെ ഒാഫിസ് മുൻകൈയെടുത്ത് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംഭാഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.