ശ്രീനഗർ: നഗരത്തിൽ ഗുപ്കർ റോഡിലെ ഹരി നിവാസ് അതിഥി മന്ദിരമെന്ന, ഇപ്പോഴത്തെ സബ് ജയിലിൽ വെളുത്ത താടി നീട്ടി മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല... അഞ്ചു കിലോമീറ്റർ അകലെ, ജമ്മു-കശ്മീർ ടൂറിസം കോർപറേഷെൻറ ‘ചെശ്മശാഹി’യിലെ 211ാം നമ്പർ ഹട്ടിൽ ഏകാന്തയായി മറ്റൊരു മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി... സംസ്ഥാന വിഭജന പ്രഖ്യാപനത്തിനു മുന്നോടിയായി കേന്ദ്ര സർക്കാർ തടവിലാക്കിയ താഴ്വരയിലെ ഉന്നത നേതാക്കളുടെ ജയിൽവാസത്തിന് ഒരു മാസമാവുകയാണ്. ആദ്യം ഹരിനിവാസിലായിരുന്നു ഇരുവരെയും തടവിലാക്കിയിരുന്നതെങ്കിലും മൂന്നു ദിവസത്തിനുശേഷം മെഹബൂബയെ ‘ചെശ്മശാഹിയിലേക്ക് മാറ്റി. കശ്മീരിലെ ഏറ്റവും തലമുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായ ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലുമാണ്.
വാർത്താവിനിമയ സൗകര്യമോ സന്ദർശകെരയോ അനുവദിക്കാതെ തടവിലാക്കപ്പെട്ട ഇരുവരെയും ആഗസ്റ്റ് 22 മുതൽ ബന്ധുക്കളെ കാണാൻ അനുവദിച്ചിട്ടുണ്ട്. ഈയാഴ്ച ഉമർ അബ്ദുല്ലയെ കാണാൻ സഹോദരി സഫിയയും കുട്ടികളും പിതൃസഹോദരി സുരയ്യയും എത്തിയിരുന്നു. വീട്ടു തടങ്കലിൽ കഴിയുന്ന പിതാവ് ഫാറൂഖ് അബ്ദുല്ലയുമായി ഈദ് ദിനത്തിൽ ഫോണിൽ സംസാരിക്കാൻ അനുവദിച്ചിരുന്നു. മെഹബൂബയെ സന്ദർശിക്കാൻ മാതാവ് ഗുൽഷനും സഹോദരി റൂബിയയുമെത്തി.
ശരീരാരോഗ്യത്തിൽ ഏറെ ശ്രദ്ധ ചെലുത്താറുള്ള ഉമർ ജയിൽ വളപ്പിലൂെട നടന്നാണ് വ്യായാമം ചെയ്യുന്നത്. ‘‘അറസ്റ്റിനുശേഷം ഇതുവരെ ഉമർ ഷേവ് ചെയ്തിട്ടില്ല. അദ്ദേഹമിപ്പോൾ താടി വളർത്തിയിരിക്കുകയാണ്’’ -ഉമറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഇരുവർക്കും ടി.വി അനുവദിച്ചിട്ടില്ലെങ്കിലും പിന്നീട് റേഡിയോ നൽകുകയുണ്ടായി. ‘‘റെക്കോർഡ് ചെയ്യാവുന്ന ഉപകരണങ്ങൾ നിയമപ്രകാരം അനുവദനീയമല്ല. അതിനാൽ മൊബൈൽ ഫോൺ നൽകിയിട്ടില്ല. അദ്ദേഹത്തിെൻറ അഭ്യർഥനപ്രകാരം ഡീവീഡി പ്ലെയർ അനുവദിച്ചു. ഒപ്പം കുറച്ച് പുസ്തകങ്ങളും നൽകി’’ -പേരു വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെ ഒരുദ്യോഗസ്ഥൻ പറഞ്ഞു.
മെഹബൂബക്ക് നേരത്തേ വനിതപോലീസുകാരിയെ അനുവദിച്ചിരുന്നില്ല. എന്നാൽ, അവർ ആവശ്യപ്പെട്ടതിനെ തുടർന്ന് പിന്നീട് ഒരു വനിതകോൺസ്റ്റബിളിനെ അനുവദിച്ചു. പുറത്തു വരാതെ മുഴുസമയവും മുറിക്കുള്ളിൽ കഴിയാനാണ് അവർ താൽപര്യപ്പെടുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
മുൻ മുഖ്യമന്ത്രിമാരായതിനാൽ പ്രോട്ടോകോൾ പ്രകാരമുള്ള ഭക്ഷണം നൽകുന്നുണ്ട്. ചിലയവസരങ്ങളിൽ വീട്ടിൽനിന്നുള്ള ഭക്ഷണവും അനുവദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.