ന്യൂഡൽഹി: ഈദ് ദിനത്തിൽ മരിച്ച മകന്റെ അവയവങ്ങൾ ദാനം ചെയ്ത് രണ്ടു ജീവനുകൾ രക്ഷിച്ച് ഹരിയാനയിലെ കുടുംബം. കുടുംബത്തിലെ അഞ്ചുമക്കളിൽ ഇളയവനായ ഒമ്പതു വയസുകാരനാണ് ചികിത്സയിലിരിക്കെ ഈദിന് മസ്തിഷ്‍ക മരണം സംഭവിച്ചത്. ഏപ്രിൽ 15നാണ് റോഡപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ നിലയിൽ കുട്ടിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്കായില്ല. തുടർന്ന് ആശുപത്രിയിലെ അവയവദാന വിഭാഗം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അതുപ്രകാരം അവയവദാനത്തിന് അവർ അനുമതി നൽകുകയുമായിരുന്നു. ഡൽഹിയിലെ ഒരു കുഞ്ഞിന്റെയും യുവാവിന്റെയും ജീവനാണ് അവയവം ലഭിച്ചതു മൂലം രക്ഷിക്കാനായത്. സഹജീവികളോട് അനുതാപമുള്ളവരാകുക എന്ന റമദാൻ വ്രത്തിന്റെ അന്തസത്ത നടപ്പിലാക്കിയിരിക്കുകയാണ് ഹരിയാനയിലെ മേവാത്തിൽ നിന്നുള്ള ഈ കുടുംബം.
എന്നാൽ കുടുംബ വിവരങ്ങൾ പുറത്തുവിടാൻ അംഗങ്ങൾ മാനസികമായി തയാറായിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഈ തീരുമാനം എടുക്കുന്നത് കടുംബത്തിന് വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. അവൻ ഏറ്റവും ഇയളവനാണ്. ആഘോഷത്തിന്റെ സമയത്താണ് അവനെ നഷ്ടമായത്. അവന്റെ അവയവങ്ങൾ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുമെങ്കിൽ അത് അവന് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ്. -ബന്ധു പറഞ്ഞു.
കുട്ടിക്ക് ജന്മനാ ഒരു വൃക്കമാത്രമാണ് ഉണ്ടായിരുന്നത്. അത് ഹരിയാന ബഹദുർഗ് സ്വദേശിയായ 20 കാരന് നൽകി. 16 കാരനായ കുട്ടിക്കാണ് കരൾ നൽകിയത്.
രണ്ട് കണ്ണുകളും നേത്രബാങ്കിലേക്ക് മാറ്റുകയും ചെയ്തു. ഹൃദയവും ശ്വസകോശവും ഉപയോഗിക്കാൻ അനുയോജ്യമായ സ്വീകർത്താക്കളെ കണ്ടെത്താനായില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.