ചണ്ഡീഗഡ്: മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിൽ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിന്‍റെ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അന്വേഷണ പുരോഗതി ചർച്ച ചെയ്യാൻ ഡി.ജി.പിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേരും.
ഇത് ഭീരുത്വം നിറഞ്ഞ പ്രവർത്തിയാണെന്നും സംഭവത്തിൽ ഏർപ്പെട്ട എല്ലാ കുറ്റവാളികൾക്കും കഠിന ശിക്ഷ നൽകുമെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
"പഞ്ചാബിലെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവരുടെ ഭീരുത്വപരമായ നീക്കമായിരുന്നു മൊഹാലി സ്ഫോടനം. ഇത്തരക്കാരുടെ ആഗ്രഹം നിറവേറ്റാൻ എ.എ.പിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ ഒരിക്കലും അനുവദിക്കില്ല"- കെജ്രിവാൾ പറഞ്ഞു. പഞ്ചാബിലെ മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടെ സംസ്ഥാനത്ത് സമാധാനം നില നിർത്തുമെന്നും കുറ്റവാളികളെ കഠിനമായി ശിക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച 7.45ഓടെയാണ് ഇന്‍റലിജൻസ് ആസ്ഥാനത്ത് സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഇന്‍റലിജൻസ് ആസ്ഥാനത്തെ ജനൽ ചില്ലുകൾ തകരുകയും വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നേരത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് എറിഞ്ഞതാണ് സ്‌ഫോടനത്തിന് കാരണമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.