മയക്കുമരുന്ന് ഇടപാട്: കന്നട സിനിമാപ്രവർത്തകൻ അറസ്റ്റിൽ

 രവി, രാഗിണി ദ്വിവേദി

മയക്കുമരുന്ന് ഇടപാട്: കന്നട സിനിമാപ്രവർത്തകൻ അറസ്റ്റിൽ

ബംഗളൂരു: സാൻഡൽവുഡിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സിനിമ പ്രവർത്തകൻ അറസ്റ്റിൽ. കന്നട സിനിമ പ്രവർത്തകൻ രവിയെയാണ് കർണാടക പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രവി നടി രാഗിണി ദ്വിവേദിയുടെ അടുത്ത സുഹൃത്ത് ആണെന്നാണ് വിവരം. വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിൽ വാങ്ങി.

ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശിനി അനിഘ, മലയാളികളായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ്, പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവർ കഴിഞ്ഞ മാസം അവസാനത്തിൽ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി)യുടെ പിടിയിലായിരുന്നു. അറസ്റ്റിനെ തുടർന്ന് കന്നട സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന എൻ.സി.ബി വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മയക്കുമരുന്നു മാഫിയയെ കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിനു (സി.സി.ബി) നിര്‍ദേശം നല്‍കിയിരുന്നു. മയക്കുമരുന്നുകേസില്‍ എൻ.സി.ബിയും സി.സി.ബിയും സമാന്തരമായാണ് അന്വേഷണം നടത്തുന്നത്.

അതേസമയം, കന്നട നടി രാഗിണി ദ്വിവേദിയോട് സർക്കാർ ഉദ്യോഗസ്ഥനായ സുഹൃത്തിനൊപ്പം വ്യാഴാഴ്ച സി.സി.ബി മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും നടി എത്തിയില്ല. പകരം ഹാജരായ അഭിഭാഷകൻ നടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും തിങ്കളാഴ്ച വരെ സമയം നീട്ടിനൽകണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹാജരാവുമെന്ന് ട്വീറ്റ് ചെയ്ത നടി, ചില കന്നട സിനിമ താരങ്ങൾ ഉൾപ്പെട്ടുവെന്ന് പറയുന്ന മയക്കുമരുന്ന് ഇടപാടുമായി തനിക്ക് ബന്ധമില്ലെന്ന് പ്രതികരിച്ചു. എന്നാൽ, തിങ്കളാഴ്ച വരെ അവധി നീട്ടി നൽകാതിരുന്ന സി.സി.ബി ചാമരാജ് പേട്ടിലെ ഒാഫിസിൽ വെള്ളിയാഴ്ച തന്നെ ഹാജരാവണമെന്ന് നടിക്ക് നിർദേശം നൽകി. നടിയുമായി അടുപ്പമുള്ള ചിലരെ ബുധനാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

സിനിമ മേഖലയിലെ മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് നേരത്തെ മൊഴി നൽകിയ നടനും സംവിധായകനുമായ ഇന്ദ്രജിത് ല​ങ്കേഷ്​ സി.സി.ബി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം രണ്ടാമതും മൊഴിനൽകി. പൊലീസിന് നൽകിയ വിവരങ്ങളെ കുറിച്ച് വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണത്തിൽ സത്യം പുറത്തുവരണമെന്നും ഇന്ദ്രജിത് പറഞ്ഞു. കന്നട യുവനടൻ ചിരഞ്ജീവി സർജയുടെ മരണത്തിന് പിന്നാലെ കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ചർച്ച വിവിധ വേദികളിൽ ഇന്ദ്രജിത് ഉയർത്തിയിരുന്നു.

ഇതിനിടെയാണ് സാൻഡൽവുഡിലെ പലരുമായും ബന്ധമുള്ള ഡി. അനിഘയുടെ നേതൃത്വത്തിലുള്ള സംഘത്തെ മയക്കുമരുന്ന് ഇടപാടിന് ബംഗളൂരുവിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. ബംഗളൂരു നഗരത്തിലേക്ക് മയക്കുമരുന്ന് എത്തിക്കാൻ ബസുകളുടെയും ട്രെയിനുകളുടെയും രാത്രി സർവിസ് ഉപയോഗപ്പെടുത്തിയിരുന്നെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി ജോയൻറ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. കഴിഞ്ഞദിവസം നഗരത്തിൽ രാത്രി ബസുകളിൽ െപാലീസ് മിന്നൽ പരിശോധന നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.