ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുന്നത് സംബന്ധിച്ച് രൂപവത്കരിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുളള സമിതിയുമായി നിയമ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് ഋതുരാജ് അവസ്തി ചർച്ച നടത്തി. ഉന്നതതല സമിതിയുടെ ക്ഷണപ്രകാരമാണ് നിയമ കമീഷൻ ചെയർപേഴ്സനും ചില അംഗങ്ങളും തങ്ങളുടെ അഭിപ്രായം അറിയിക്കാനെത്തിയത്.
2029ലെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ നിർദേശം സമർപ്പിക്കാനാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി അംഗമായ സമിതി നിയമ കമീഷനോട് ആവശ്യപ്പെട്ടത്. ഇതിനായി പല നിയമസഭകളുടെയും കാലാവധി ദീർഘിപ്പിക്കുകയും വെട്ടിച്ചുരുക്കുകയും വേണ്ടി വരും.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് അഭിപ്രായമറിയിക്കാൻ രാഷ്ട്രീയ പാർട്ടികളോട് കമീഷൻ ആവശ്യപ്പെട്ടിരുന്നു. സമിതിക്ക് കൂടി സ്വീകാര്യമായ തീയതി കൂടിക്കാഴ്ചക്കായി നിശ്ചയിക്കണമെന്നും അല്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ രേഖാമൂലം അഭിപ്രായം അറിയിക്കാമെന്നും പാർട്ടികൾക്ക് അയച്ച കത്തിൽ രാംനാഥ് കോവിന്ദ് നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.