ന്യൂഡൽഹി: രാജ്യത്ത് ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ അവതരിപ്പിക്കാനൊരുങ്ങി ബി.ജെ.പി. പദ്ധതി നടപ്പാക്കാൻ സഖ്യത്തിനു പുറത്തുള്ള പാർട്ടികളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലും മോദി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിനായി രാജ്യം മുന്നോട്ട് വരണമെന്നായിരുന്നു ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.
നിലവിലുള്ള തെരഞ്ഞെടുപ്പ് രീതി രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നാണ് സർക്കാറിന്‍റെ വാദം. ചൊവ്വാഴ്ച മൂന്നാം മോദി സർക്കാർ ഭരണത്തിൽ 100 ദിവസം പൂർത്തിയാക്കുകയാണ്.
മൂന്നാം മോദി സര്‍ക്കാറില്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ, നിലവിലുള്ള മുന്നണി ഭരണം കൂടുതല്‍ കെട്ടുറപ്പുള്ളതാകുമെന്നും ആ കെട്ടുറപ്പ് ഈ ഭരണകാലയളവ് മുഴുവന്‍ തുടരുമെന്നുമാണ് ബി.ജെ.പി ഇപ്പോൾ കണക്കുകൂട്ടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. പദ്ധതി നടപ്പാക്കാൻ സർക്കാർ തലത്തിൽ ഒരുക്കങ്ങൾ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. പദ്ധതിയെ കുറിച്ച് പഠിക്കാനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിച്ചിരുന്നു.
സമിതി 2024 മാര്‍ച്ചില്‍ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പും നടത്തണമെന്നാണ് സമിതി നിർദേശിച്ചത്. നിയമ കമീഷനും സമാന നിർദേശം ഉടൻ സമർപ്പിക്കുമെന്നാണ് സൂചന. 2029 മുതൽ ലോക്‌സഭ, നിയസമഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന് നിയമ കമീഷൻ റിപ്പോർട്ട് നൽകിയേക്കും. തൂക്കുസഭ, അവിശ്വാസ പ്രമേയം പോലുള്ള സന്ദർഭങ്ങളിൽ ഏകീകൃത സർക്കാറിനുള്ള വ്യവസ്ഥയും കമീഷൻ നിർദേശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.