ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിന് വ്യാഴാഴ്ച മൂന്നു വർഷം.
സർവകലാശാല സ്ഥിതി ചെയ്യുന്ന ജാമിഅ നഗറിലെ പ്രദേശവാസികൾ 2019 ഡിസംബർ 15ന് നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെയാണ് കാമ്പസിലേക്ക് പൊലീസ് അതിക്രമിച്ചു കയറി ലൈബ്രറി തകർക്കുകയും വിദ്യാർഥികൾക്കെതിരെ നരനായാട്ട് നടത്തുകയും ചെയ്തത്. ഡിസംബർ 12ന് പാർലമെന്റിൽ പൗരത്വ ഭേദഗതി നിയമം പാസായതോടെ 13ന് ജാമിഅ മില്ലിയ വിദ്യാർഥികൾ കാമ്പസിൽനിന്ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ചാണ് രാജ്യത്ത് പൗരത്വ പ്രതിഷേധങ്ങൾക്ക് തുടക്കമിടുന്നത്. മാർച്ച് കാമ്പസിന് സമീപത്തുവെച്ചുതന്നെ വൻ പൊലീസ് സന്നാഹം തടയുകയും വിദ്യാർഥികൾക്കുനേരെ ഗ്രനേഡ് അടക്കമുള്ളവ പ്രയോഗിക്കുകയും ചെയ്തിരുന്നു.
രണ്ടു ദിവസത്തിനുശേഷം പ്രദേശവാസികൾ സംഘടിപ്പിച്ച കൂറ്റൻ പാർലമെന്റ് മാർച്ചും പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിച്ചു. മാർച്ചിൽ പങ്കെടുത്തവരെ അടിച്ചോടിക്കുന്നതിനിടെയാണ് പൊലീസ് സർവകലാശാല അധികൃതരുടെ അനുമതിയില്ലാതെ കാമ്പസിനകത്ത് പ്രവേശിച്ച് ലൈബ്രറിയടക്കം തകർത്ത് വിദ്യാർഥികളെ തല്ലിച്ചതച്ചത്. തുടർന്ന് ജാമിഅ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശാഹീൻബാഗിലെ സ്ത്രീകൾ രാപ്പകൽ സമര രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. അതിനിടെ, പൊലീസ് നരനായാട്ടിനെതിരെയുള്ള കേസ് സ്വതന്ത്ര അന്വേഷണ ഏജൻസിയെ ഏൽപിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജിയിൽ ഡൽഹി പൊലീസ് ചൊവ്വാഴ്ച ഹൈകോടതിയിൽ എതിർപ്പ് അറിയിച്ചു ആര് അന്വേഷണം നടത്തണമെന്ന് കുറ്റവാളികൾക്കോ ഇരകൾക്കോ ആവശ്യപ്പെടാനാവില്ല. അവർക്ക് ഇളവ് ലഭിക്കുകയാണെങ്കിൽ അതൊരു മോശം തീരുമാനമാകുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസ് ജനുവരി 12ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.