ന്യൂഡൽഹി: 2018 ലെ ട്വീറ്റ് മതസ്പർധയുണ്ടാക്കിയെന്നു കാണിച്ച് ഇപ്പോൾ കേസെടുത്തതിനു പിന്നിൽ തന്റെ മതവും മാധ്യമപ്രവർത്തനം എന്ന ജോലിയുമാണെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. '2018 ൽ നടത്തിയ ട്വീറ്റാണത്. 1983ൽ പുറത്തിറങ്ങിയ 'കിസി സേ നേ കെഹന' എന്ന സിനിമയിലെ ഒരു ദൃശ്യമാണ് പങ്കുവെച്ചത്. സിനിമയിൽ സെൻസർ ബോർഡ് പോലും ശരിവെച്ച ദൃശ്യമാണത്. ഒരുപാട് പേർ സമാന ട്വീറ്റ് നടത്തിയിരുന്നു. എന്നിട്ടും അവരിൽ നിന്ന് എന്നെ വ്യത്യസ്തനാക്കുന്നത് എന്റെ വിശ്വാസവും എന്റെ പേരും എന്റെ ജോലിയുമാണ്'-സുബൈറിനെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ ഡൽഹി കോടതിയെ അറിയിച്ചു.
2018 മാർച്ചിലെ ട്വീറ്റിൽ സുബൈർ, ഹൃഷികേശ് മുഖർജിയുടെ ക്ലാസിക് 'കിസ്സി സെ നാ കെഹ്‌ന'യിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഹിന്ദിയിൽ 'ഹനുമാൻ ഹോട്ടൽ' എന്ന് എഴുതിയിരിക്കുന്ന ഒരു ഹോട്ടൽ സൈൻബോർഡ് ഇതിൽ കാണിക്കുന്നുണ്ട്. അതിനു താഴെ '2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ' എന്ന് മുഹമ്മദ് സുബൈർ എഴുതി. അത് പ്രകോപനമുണ്ടാക്കിയെന്നാണ് ആരോപണം. 2014ൽ ബി.ജെ.പി അധികാരത്തിൽ വന്നത് സൂചിപ്പിച്ചതു കൊണ്ടാണ് സുബൈർ അങ്ങനെ കുറിച്ചത്. ഹനുമാൻ ഭക്ത് എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്ന് പ്രതിഷേധമുണ്ടായതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
ട്വീറ്റ് മതസ്പർധയുണ്ടാക്കുന്നതോ ശത്രുത വളർത്തുന്നതോ അല്ലെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. ഒരടിസ്ഥാനവുമില്ലാതെയാണ് മതവികാരം വ്രണപ്പെടുത്തിയെന്നും ശത്രുത വളർത്തുമെന്നും കാണിച്ച് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നതെന്നും അവർ ബോധിപ്പിച്ചു. പ്രഫഷന്റെ പേരിൽ തന്റെ കക്ഷിയെ നോട്ടമിട്ടിരിക്കയാണ്. ശക്തരായവരെയാണ് അദ്ദേഹം വെല്ലുവിളിച്ചിട്ടുള്ളത്. എന്നാൽ അതൊന്നും പീഡിപ്പിക്കാൻ കാരണമാകുന്നില്ല-അഭിഭാഷക വ്യക്തമാക്കി. സുബൈറിനെ അഞ്ചു ദിവസം കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടിരിക്കയാണ് ഡൽഹി പൊലീസ്. ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ പ്രവാചക നിന്ദയെ കുറിച്ചുള്ള വാർത്ത ആദ്യം പുറത്തുവിട്ടത് സുബൈറിന്റെ ആൾട്ട് ന്യൂസ് ആണ്.
മറ്റൊരു കേസിലെ ചോദ്യം ചെയ്യലിന് മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് വിളിപ്പിച്ചിരുന്നെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ പറഞ്ഞു. ഈ കേസില്‍ അറസ്റ്റില്‍നിന്ന് സുബൈറിന് കോടതി സംരക്ഷണവും നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഒരു പുതിയ കേസില്‍ സുബൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പ്രതീക് വ്യക്തമാക്കി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എഫ്.ഐ.ആര്‍. കോപ്പി നല്‍കിയില്ലെന്നും പ്രതീക് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.