പ്രതിപക്ഷ പ്രതിഷേധത്തിന് അയവില്ല; രാജ്യസഭ സമ്മേളനം സംയുക്തമായി ബഹിഷ്കരിച്ചു

ന്യൂഡൽഹി: കാർഷിക ബിൽ പാസാക്കിയ രീതിയിൽ പ്രതിഷേധിച്ച് രാജ്യസഭ നടപടികൾ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ബഹിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആണ് സഭാ നടപടികൾ ബഹിഷ്കരിക്കുമെന്നത് രാജ്യസഭയെ അറിയിച്ചത്. സഭക്കുള്ളിൽ പ്രതിഷേധിച്ച എം.പിമാരെ തിരിച്ചെടുക്കാതെ പ്രതിഷേധം പിൻവലിക്കില്ലെന്നാണ് പ്രതിപക്ഷ തീരുമാനം.

സഭ വിട്ടിറങ്ങിയ അംഗങ്ങൾ പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ ധർണ ആരംഭിച്ചു. പ്രശ്ന പരിഹാരത്തിന് മൂന്നു വ്യവസ്ഥകളാണ് പ്രതിപക്ഷം മുന്നോട്ടുവെച്ചത്. സ്വകാര്യമേഖലയെ നിയന്ത്രിക്കാൻ മറ്റൊരു കാർഷിക ബിൽ കൊണ്ടുവരുക, സ്വാമിനാഥൻ കമീഷൻ ശിപാർശ പ്രകാരം മിനിമം താങ്ങുവില ഏർപ്പെടുത്തുക, സസ്പെൻഡ് ചെയ്ത അംഗങ്ങളെ തിരിച്ചെടുക്കുക എന്നിവയാണ് വ്യവസ്ഥകൾ.

എം.പിമാർക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കണമെന്നാണ് കോൺഗ്രസ്, സമാജ് വാദി പാർട്ടി, ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. എം.പിമാർക്കെതിരായ നടപടി പിൻവലിക്കണമെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. എല്ലാ ബില്ലുകളും തിരക്കിട്ട് പാസാക്കുന്നത് അംഗീകരിക്കാനാവില്ല. ഉപരാഷ്ട്രപതി കുടുംബനാഥനാണ്. സഭാ നാഥനോട് കലഹിക്കാനാകില്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

എം.പിമാർക്കെതിരായ നടപടി അംഗീകരിക്കാനാവില്ല. ബില്ലിൻമേൽ വോട്ടെടുപ്പ് ചോദിച്ചാൽ അത് അംഗീകരിക്കണം. അത് അംഗത്തിന്‍റെ അവകാശമാണ്. അവകാശം നിഷേധിച്ച് കൊണ്ട് കാർഷിക ബിൽ പാസാക്കിയതിനാണ് അംഗങ്ങൾ പ്രതിഷേധിച്ചതെന്നും മറ്റ് പ്രതിപക്ഷ പാർട്ടി പ്രതിനിധികളും വ്യക്തമാക്കി.

എന്നാൽ, അംഗങ്ങൾക്കെതിരായ നടപടിയെ രാജ്യസഭ ചെ‍യർമാൻ വെങ്കയ്യനായിഡു ന്യായീകരിച്ചു. എം.പിമാരെ പുറത്താക്കി‍യ നടപടി പിൻവലിക്കാൻ സാധിക്കില്ല. മുൻപും അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. സഭയുടെ അന്തസ് കാത്തു സൂക്ഷിക്കാനാണ് ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നതെന്നും വെങ്കയ്യനായിഡു ചൂണ്ടിക്കാട്ടി.

അതേസമയം, പുറത്താക്കപ്പെട്ട എട്ട് അംഗങ്ങൾ പാർലമെന്‍റ് കവാടത്തിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല ധർണ രണ്ടാം ദിവസവും തുടരുന്നു. പുറത്താക്കിയ നടപടി പിൻവലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് അംഗങ്ങൾ അറിയിച്ചു.

വോട്ടെടുപ്പിന് വഴങ്ങാതെ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളിയാണ് കാർഷിക ബില്ലുകൾ രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷ് സിങ് കഴിഞ്ഞ ദിവസം പാസാക്കിയത്. ബില്ലുകള്‍ പാസാക്കാനായി രാജ്യസഭ ചേരുന്ന സമയം നീട്ടിയതില്‍ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി നടുത്തളത്തിൽ ഇറങ്ങിയിരുന്നു. ഉപാധ്യക്ഷന്‍റെ ഡയസിന് മുമ്പിലെ കയ്യാങ്കളിക്കിടെ മൈക്ക് തട്ടിപ്പറിക്കുകയും ബിൽ അടക്കമുള്ളവ കീറി എറിയുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് കെ.കെ. രാഗേഷ്, എളമരം കരീം (സി.പി.എം), ഡെറിക് ഒബ്രിയാൻ, ദോല സെൻ (തൃണമൂൽ കോൺഗ്രസ്), രാജു സതവ്, റിപുൻ ബോറ, സഈദ് നാസിർ ഹുസൈൻ (കോൺഗ്രസ്), സഞ്ജയ് സിങ് (എ.എ.പി) എന്നീ അംഗങ്ങളെ സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.