ന്യൂഡൽഹി: പാർലമെൻറിൽ കീഴ്വഴക്കങ്ങൾ ലംഘിച്ച് പാസാക്കിയ കാർഷിക ബില്ലുകളിൽ ഒപ്പുവെക്കരുതെന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അഭ്യർഥിച്ചു. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, എൻ.സി.പി, ഡി.എം.കെ, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികളാണ് കത്തിൽ ഒപ്പുവെച്ചത്. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുമുണ്ട്.
ബിൽ പാസാക്കരുതെന്ന് ബി.ജെ.പി സഖ്യകക്ഷി ശിരോമണി അകാലിദൾ നേരത്തെ രാഷ്ട്രപതിയോട് അഭ്യർഥിച്ചിരുന്നു. പാർലമെൻറ് പാസാക്കുന്ന ബില്ലുകൾ രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ചെയ്യുേമ്പാഴാണ് നിയമമാവുക.
ഞായറാഴ്ച രാജ്യസഭയിൽ ബിൽ പാസാക്കിയ രീതി ജനാധിപത്യ കശാപ്പാണെന്ന് രാഷ്ട്രപതിക്ക് നൽകിയ കത്തിൽ പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. ബില്ലുകൾ കർഷക താൽപര്യത്തിന് എതിരാണ്. സാധാരണ കർഷകരെ കോർപറേറ്റുകളുടെ അടിമകളാക്കി മാറ്റുന്നതിന് കളമൊരുക്കും. നിലവിലെ കൃഷിരീതികളുടെ മരണമണിയാണ് മുഴങ്ങുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെ സ്വേച്ഛാധിപത്യ രീതി പാർലമെൻറിൽ വിലപ്പോവില്ലെന്ന് കോൺഗ്രസ് പറഞ്ഞു. പാർലമെൻറിെൻറ നടപടിക്രമങ്ങൾ ലംഘിക്കുകയും വിഷയങ്ങൾ ചർച്ചചെയ്യാൻ എം.പിമാർക്ക് അവസരം നൽകാതിരിക്കുകയും ചെയ്യുന്നതിനെ സി.പി.എം പോളിറ്റ് ബ്യൂറോ അപലപിച്ചു.
കോവിഡ് വ്യാപനത്തിെൻറ ഉത്കണ്ഠകൾ ദുരുപയോഗിക്കുകയാണ് സർക്കാർ. ലോക്ഡൗൺ കാലത്ത് ഇറക്കിയ 11 ഒാർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ ചർച്ചചെയ്യാതെ പാസാക്കാനുള്ള പുറപ്പാടാണ്. സമ്മേളന കാലാവധി വെട്ടിച്ചുരുക്കുന്നതിനാൽ ചർച്ചകൾക്ക് അവസരമില്ല. സഭയിൽ വോട്ടെടുപ്പ് ആവശ്യപ്പെടാൻ ഏതൊരു അംഗത്തിനും അവകാശമുണ്ടെന്നിരിക്കേ, അതു നിഷേധിക്കുകയാണ് രാജ്യസഭയിൽ െഡപ്യൂട്ടി ചെയർമാൻ ചെയ്തത്. രാജ്യസഭയിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന് ഭൂരിപക്ഷമില്ലെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. 25ന് കർഷക സംഘടനകൾ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് സി.പി.എം പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.