ന്യൂഡൽഹി: ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന രാജ്യസഭ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ടി.എം.സിയുടെ ഡെറിക് ഒബ്രിയാൻ, എസ്.പിയിലെ രാം ഗോപാൽ യാദവ്, കോൺഗ്രസിന്‍റെ രാംഗോപാൽ ശർമ, ജയറാം രമേശ്, ആർ.ജെ.ഡിയുടെ മനോജ് കുമാർ ഝാ എന്നീ പ്രതിപക്ഷ അംഗങ്ങളാണ് യോഗത്തിൽനിന്ന് വിട്ടുനിന്നത്.
അതേസമയം ബി.എ.സി യോഗത്തെക്കുറിച്ച് ഒരു മണിക്കൂർ മുമ്പാണ് തങ്ങളെ അറിയിച്ചതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സഭ മാറ്റിവച്ചേക്കാമെന്ന സൂചനകൾക്കിടയിലായിരുന്നു യോഗം.
എന്നാൽ ഹ്രസ്വ അറിയിപ്പിലാണ് യോഗം തീരുമാനിച്ചതെന്നും പാനലിലെ അംഗങ്ങളെ എത്രയും വേഗം അറിയിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയതായും രാജ്യസഭ അധികൃതർ ചൂണ്ടിക്കാട്ടി.
കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, തവർ ചന്ദ് ഗെഹ് ലോട്ട്, ബി.ജെ.പി എം.പിമാരായ ഭൂപേന്ദ്ര യാദവ്, ഭുവനേശ്വർ കലിത, ശിവ പ്രതാപ് ശുക്ല, ജെ.ഡി.യു എം.പി ആർ.സി.പി സിങ്, ബിജു ജനതാദൾ എം.പി പ്രസന്ന ആചാര്യ എന്നിവർ പങ്കെടുത്തു.
കാർഷിക ബിൽപാസാക്കുന്നതിനെതിരെ പ്രതിഷേധിച്ച എട്ട് എം.പിമാരെ രാജ്യസഭയിൽ സസ്പെൻഡ് ചെയ്ത നടപടി, പ്രതിപക്ഷ പാർട്ടികളുടെ സഭാ ബഹിഷ്കരണത്തിലേക്കാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.