ന്യൂഡൽഹി: വി.ഡി സവർക്കർ പോലുള്ള വൈകാരിക വിഷയങ്ങളെ കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ പ്രതിപക്ഷ നേതാക്കളുടെ തീരുമാനം. മാപ്പു പറയാൻ ഞാൻ സവർക്കറല്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ശിവ സേന ഉദ്ധവ് താക്കറെ വിഭാഗത്തെ ചൊടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് നടന്ന നയതന്ത്ര യോഗത്തിൽ കോൺഗ്രസും 17 പാർട്ടികളും പങ്കെടുത്തു. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്നയോഗത്തിൽ നിന്ന് ഉദ്ധവ് താക്കറെ വിട്ടു നിന്നു.
രാഹുലിന്റെ പരാമർശത്തിനെതിരെ ഉദ്ധവ് പ്രതിഷേധിച്ചിരുന്നു. വി.ഡി സവർക്കർ ഞങ്ങളുടെ ദൈവമാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നുമായിരുന്നു ഉദ്ധവ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നത്. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനാണ് നമ്മൾ ഒരുമിച്ചത്. ആ ബന്ധത്തിൽ ഉലച്ചിലുണ്ടാകുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തരുതെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നു - ഉദ്ധവ് താക്കറെ പറഞ്ഞു.
മറ്റു പാർട്ടികളുടെ വികാരം കണക്കിലെടുക്കുമെന്ന് യോഗത്തിൽ കോൺഗ്രസ് അറിയിച്ചു. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തിരുന്നു.
18 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൻമാർ ഖാർഗെയുടെ വസതിയിൽ ഒത്തു ചേർന്നു. ജനാധിപത്യം തകർക്കുന്ന മോദി ഭരണകൂടത്തിനെതിരായ പ്രചാരണം ഏകകണ്ഠമായി തുടരാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു.
മോദിയുടെ ഭയത്തിന്റെ രാഷ്ട്രീയത്തെയും ഭീഷണിയെയും ദൃഢനിശ്ചയത്തോടെ ചെറുക്കാൻ തീരുമാനിച്ചു. ഈ ദൃഢനിശ്ചയം പാർലമെന്റിന് പുറത്ത് ആരംഭിക്കുന്ന സംയുക്ത പ്രവർത്തനങ്ങളിൽ ഇഇപ്പോൾ തന്നെ പ്രതിഫലിക്കും - ജയറാം രമേശ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.