ഗോവ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളോട് യുക്തിപൂർവം വോട്ട് ചെയ്യാന്‍ അഭ്യർഥിച്ച് ആം ആദ്മി പാർട്ടി വക്താവായ രാഘവ് ഛദ്ദ. ആം ആദ്മി പാർട്ടി എം.എൽ.എമാർ കൂറുമാറില്ലെന്നും ധൈര്യമായി പാർട്ടിക്ക് വോട്ട്ചെയ്യാമെന്നും രാഘവ് ഛദ്ദ പറഞ്ഞു.
ഗോവയുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് നിർണായകമാണെന്നും മറ്റ് പാർട്ടികൾക്ക് വോട്ടുകൾ നൽകി പാഴാക്കരുതെന്നും ഛദ്ദ കൂട്ടിച്ചേർത്തു. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേരാൻ ടി.എം.സിയുടെ ഒരു സ്ഥാനാർഥിയും കോൺഗ്രസിന്റെ മൂന്ന് സ്ഥാനാർഥികളും കൈക്കൂലി വാങ്ങിയതായി തെളിയിക്കുന്ന വീഡിയോ ഒരു വാർത്താ ചാനൽ സംപ്രേഷണം ചെയ്‌ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് വോട്ട് ചെയ്താലും ബി.ജെ.പിയെയാണ് നിങ്ങൾ പരോഷമായി വിജയിപ്പിക്കുന്നതെന്ന് രാഘവ് ഛദ്ദ അഭിപ്രായപ്പെട്ടു. 2017ൽ മിക്ക കോൺഗ്രസ് എം.എൽ.എമാരും കൂറുമാറി ബി.ജെ.പിയിൽ ചേർന്ന സംഭവത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര ചാനലിൽ സംപ്രേഷണം ചെയ്ത ഒളികാമറ ദൗത്യത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ അധികാരികളെ അറിയിക്കുന്നതിനായി ഗോവയിലെ ചീഫ് ഇലക്ടറൽ ഓഫീസർക്ക് പാർട്ടി പരാതി നൽകിയിട്ടുണ്ടെന്ന് ആംആദ്മിയുടെ പനാജി സ്ഥാനാർത്ഥി വാൽമീകി നായിക് പറഞ്ഞു.
എന്നാൽ വിഡിയോ പ്രകാരം കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന നേതാക്കമാർ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. കൂടാതെ ഇവർ ചാനലിനും എ.എ.പിക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയതിട്ടുമുണ്ട്. ഗോവയിലെ 40 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിന് വോട്ടെണ്ണൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.