തെരുവുപശുക്കൾ ചാകുമ്പോൾ ഉദ്യോഗസ്ഥർ പൂജ നടത്താറുണ്ടെന്ന് അഹമ്മദാബാദ് കോർപറേഷൻ കോടതിയിൽ

അഹമ്മദാബാദ്: തെരുവുപശുക്കൾ ചാകുമ്പോൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൂജ നടത്താറുണ്ടെന്ന് അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ കോടതിയെ അറിയിച്ചു. പശുക്കളോട് കോർപറേഷൻ മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് ഏതാനും ഉടമകൾ നൽകിയ പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

തെരുവിൽ അലഞ്ഞുതിരിയുന്ന പശുക്കളെ കോർപറേഷൻ പിടികൂടി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാറുണ്ട്. ഇവിടങ്ങളിൽ പശുക്കളോട് അധികൃതർ ക്രൂരമായാണ് പെരുമാറുന്നത് എന്നായിരുന്നു ഹരജിക്കാരുടെ വാദം. അലഞ്ഞുതിരിയാത്ത പശുക്കളെയും പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ടെന്നും ഇവർ ആരോപിച്ചു.

ഹരജിക്കാരുടെ വാദത്തെ എതിർത്തുകൊണ്ടാണ് കോർപറേഷൻ മറുപടി നൽകിയത്. തെരുവുപശുക്കളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തിൽ ഒരു പശു ചത്താൽ ഉദ്യോഗസ്ഥർ ചേർന്ന് പൂജ നടത്താറുണ്ട്. പശുക്കളുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ എത്രത്തോളം ശ്രദ്ധാലുക്കളാണെന്ന് ഇക്കാര്യത്തിൽ നിന്നുതന്നെ വ്യക്തമാകുമെന്ന് കോർപറേഷൻ കോടതിയിൽ നൽകിയ മറുപടിയിൽ പറഞ്ഞു.

നാദിയാദ് സ്വദേശിയായ മൗലിക് ശ്രീമാലി എന്നയാളാണ് ഹരജിക്കാരൻ. വൃത്തിഹീനമായ സാഹചര്യത്തിലാണ് പശുക്കളെ താമസിപ്പിക്കുന്നതെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു. തുടർന്ന്, ഹരജിക്കാരന്‍റെ അഭിഭാഷകന് പശു പുനരധിവാസ കേന്ദ്രങ്ങൾ സന്ദർശിച്ച് സാഹചര്യം വിലയിരുത്താമെന്ന് കോടതി നിർദേശിച്ചു. 

Tags:    
News Summary - Our Officers Perform Puja When A Cow Passes Away': AMC Tells Gujarat High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.