ഇന്ത്യയിലെ മുതിർന്ന തടവുകാരുടെ ജയിലുകളിൽ 9,600ലധികം കുട്ടികളെ പാർപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പഠന റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ മുതിർന്ന തടവുകാർ കഴിയുന്ന ജയിലുകളിൽ 9,600ലധികം കുട്ടികളെ തെറ്റായി തടവിൽ പാർപ്പിച്ചതായി പഠന റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് ലഭിച്ച മറുപടികൾ പഠനവിധേയമാക്കി ലണ്ടൻ ആസ്ഥാനമായ ഐപ്രോബോണോ എന്ന സംഘടന തയാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. 2016 ജനുവരി 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള ആറ് വർഷത്തിനിടെ ഏകദേശം 9,681 കുട്ടികൾ ഇത്തരത്തിൽ തടവിലാക്കപ്പെട്ടതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പ്രതിവർഷം ശരാശരി 1,600 കുട്ടികൾ ജയിൽ മോചിതരാകുന്നുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

ജയിലിൽ കഴിഞ്ഞ കുട്ടികളെ കുറിച്ച് രാജ്യത്തെ 570 ജില്ല, സെൻട്രൽ ജയിലുകളിൽ നിന്നും 50 ശതമാനം വിവരങ്ങൾ മാത്രമാണ് ലഭിച്ചത്. മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, നാഗലാൻഡ്, ലഡാക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങളിൽ കാര്യമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടത്തെ 85 ജില്ല, സെൻട്രൽ ജയിലുകളിൽ കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.

കുട്ടികൾ കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവിനെ കുറിച്ച് പ്രത്യേക ജയിലുകളിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഡൽഹിയിലെ തിഹാർ സെൻട്രൽ ജയിൽ -5ൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ആറു വർഷത്തിനിടെ സെൻട്രൽ ജയിലിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട 730 കുട്ടികളിൽ 22 പേർ മാത്രമാണ് ഒരാഴ്ചയോ അതിൽ കുറവോ തടവിൽ കഴിഞ്ഞിട്ടുള്ളത്. ഭൂരിഭാഗം പേരും മൂന്ന് മാസത്തിൽ താഴെ തടവിൽ കഴിഞ്ഞവരാണ്. ജുൻജുനുവിലെ ജില്ല ജയിലിൽ നിന്നും സമാന വിവരമാണ് ലഭിച്ചത്. ജില്ല ജയിലിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട 16 കുട്ടികളിൽ മൂന്നു പേർ മാത്രമാണ് ഒരാഴ്ചയോ അതിൽ താഴെയോ തടവിൽ കഴിഞ്ഞത്.

കുട്ടികളെ ജയിലിൽ പാർപ്പിച്ചതിന്‍റെ ഉദാഹരണമായി 17കാരി നേഹയുടെ ജീവിതവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2018 ഏപ്രിലിൽ അമ്മയെ കൊലപ്പെടുത്തിയെന്ന് അച്ഛൻ ആരോപിച്ചതോടെയാണ് നേഹ 17-ാം വയസിൽ ജയിലിൽ അടക്കപ്പെട്ടത്. ജാമ്യം ലഭിക്കുമ്പോഴേക്കും പെൺകുട്ടിയുടെ ജയിൽവാസം ആറു വർഷത്തോളം പിന്നിട്ടിരുന്നു. ജയിലിൽ കഴിഞ്ഞപ്പോൾ ജീവിതം അവസാനിച്ചെന്നാണ് കരുതിയതെന്നും തനിക്ക് കുട്ടിക്കാലം ന‍ഷ്ടപ്പെട്ടെന്നും നേഹ പറയുന്നു.

കുട്ടികളെ മുതിർന്ന തടവുകാരുടെ ജയിലിൽ പാർപ്പിക്കുന്ന വിഷയത്തിൽ മുൻ സുപ്രീംകോടതി ജഡ്ജിയും സുപ്രീംകോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർപേഴ്സനുമായ രവീന്ദ്ര ഭട്ട് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയുണ്ടായി. സ്വയം പരിരക്ഷിക്കാൻ കഴിയാത്തവരുടെ നിയമപരമായ സംരക്ഷകരെന്ന് കുറ്റപ്പെടുത്തിയ രവീന്ദ്ര ഭട്ട്, കുട്ടികളെ സംരക്ഷിക്കുന്നതിൽ സംസ്ഥാനങ്ങൾ പരാജയപ്പെട്ടെന്നും വ്യക്തമാക്കി.

ഇന്ത്യയിലെ ജയിലുകളിൽ ഇത്രയധികം കുട്ടികൾ എങ്ങനെ തടവിലാക്കപ്പെട്ടുവെന്ന് അറിയണമെന്നുണ്ടെന്നും ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്കും പൊലീസിനും സാധിക്കുമെന്നാണ് കരുതുന്നതെന്നും പ്രയാസ് ജെ.എ.സി സൊസൈറ്റി സ്ഥാപക ജനറൽ സെക്രട്ടറി അമോദ് കാന്ത് വ്യക്തമാക്കി. അതേസമയം, ജുവനൈൽ ജയിലുകളുടെ എണ്ണവും കൈകാര്യം ചെയ്യേണ്ട കേസുകളും അമിതഭാരവും കാരണം പതിവ് സന്ദർശനം സാധ്യമാകുന്നില്ലെന്നാണ് ഡൽഹി ഹൈകോടതി ലീഗൽ സർവീസസ് കമ്മിറ്റിലെ അരുൾ വർമ്മ ചൂണ്ടിക്കാട്ടുന്നത്.

വിവരാവകാശ നിയമം പ്രകാരമുള്ള അപേക്ഷകൾ അധികൃതർ നിരസിക്കുന്നത് വിവരങ്ങളുടെ മൊത്ത ശേഖരണത്തിന് തടസമായി നിൽക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അപേക്ഷകളിലെ ചോദ്യങ്ങൾക്ക് കൃത്യമല്ലാത്തതും വഴിതിരിച്ചു വിടുന്നതുമായ മറുപടിയാണ് ലഭിക്കുന്നത്. കുറ്റം ചെയ്തോതോ കുറ്റം ചെയ്തെന്ന് ആരോപിക്കപ്പെടുന്നതോ ആയ കുട്ടികളെ ഉചിതമായി ഇടത്താണ് പാർപ്പിക്കേണ്ടതെന്നും 2015ലെ ജുവനൈൽ ജസ്റ്റിസ് നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് പഠന റിപ്പോർട്ട് ഉപകരിക്കുമെന്നും ഐപ്രോബോനോ വ്യക്തമാക്കുന്നു.

Tags:    
News Summary - Over 9,600 children wrongfully incarcerated in adult prisons in India: Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.