ന്യൂഡൽഹി: രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. അമിത് ഷാക്ക് ഭരണഘടന അലർജിയാണെന്നാണ് ഉവൈസിയുടെ വിമർശനം.
ആഭ്യന്തര മന്ത്രിയെ സംബന്ധിച്ചിടത്തോളം ദേശീയ പൗരത്വ രജിസ്റ്ററിനെ പേടിക്കേണ്ടത് മുസ്ലിംകൾ മാത്രമാണ്. അമിത് ഷാ, നിങ്ങൾക്ക് ഭരണഘടന അലർജിയാണെന്ന് എനിക്കറിയാം. പക്ഷേ ഒരു തവണയെങ്കിലും അത് വായിക്കുക. പൗരത്വത്തിന്‍റെ അടിസ്ഥാനം മതമല്ല, അത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ് -ഉവൈസി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഉവൈസിയുടെ വിമർശനം.
അനധികൃത കുടിയേറ്റക്കാരിൽ ഒരാളെ പോലും രാജ്യത്ത് കഴിയാൻ അനുവദിക്കില്ലെന്നും എന്നാൽ അഭയാർഥികളായ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്.
രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പാക്കും. ഈ വിഷയത്തിലെ കുപ്രചരണങ്ങളെ വിശ്വസിക്കരുത്. പൗരത്വ ഭേദഗതി ബിൽ അഭയാർഥികളായ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങളുടെ പൗരത്വം ഉറപ്പാക്കും. ഇതാണ് ബി.ജെ.പിയുടെ വാഗ്ദാനമെന്നും കൊൽക്കത്തയിലെ ബി.ജെ.പി റാലിയിൽ അമിത് ഷാ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.