ന്യൂഡൽഹി: ഒാൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ (എം.ഐ.എം.ഐ.എം) ബി.ജെ.പിയുടെ ബി ടീമല്ലെന്നും ജനങ്ങൾക്ക് വേണ്ടി മാത്രമാണ് മത്സരിക്കുന്നതെന്നും ദേശീയ അധ്യക്ഷൻ അസദുദീൻ ഉവൈസി. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് മുതൽ കോൺഗ്രസ് തങ്ങളെ ബി.ജെ.പിയുടെ ബി ടീം എന്നാണ് വിളിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇതു തന്നെ ആവർത്തിക്കുകയാണ്. എന്നാൽ, എം.ഐ.എം ജനങ്ങൾക്ക് വേണ്ടി മാത്രമാണ് മത്സരിക്കുന്നതെന്ന് ഉവൈസി ചൂണ്ടിക്കാട്ടി.
കർണാടകയിലെ കൽബർഗി ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത ഉവൈസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു. ഒരേ സമയത്ത് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയും മറുവശത്ത് ഗാന്ധി വധത്തിന്‍റെ ഗൂഢാലോചനക്കാരനായ സവർക്കറിനെ ആരാധിക്കുന്നുവെന്നും ഉവൈസി കുറ്റപ്പെടുത്തി.
മഹാത്മ ഗാന്ധിയുടെ വധത്തിന് ഗൂഢാലോചന നടത്തിയത് സവർക്കറാണെന്ന് ജസ്റ്റിസ് കപൂർ കമീഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉവൈസിയുടെ പാർട്ടി ബംഗാൾ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥാനാർഥികളെ നിർത്തുമെന്ന് എം.ഐ.എം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിൽ ഭാരതീയ ട്രൈബൽ പാർട്ടിയുടെ ഉവൈസി സഖ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.