ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ അതിർത്തിയിൽ കർഷക പ്രക്ഷോഭം തുടരുന്നതിനിടെ കർഷകരുടെ ശക്തിയെ ഓർമിപ്പിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം. തിങ്കളാഴ്ച കേന്ദ്രസർക്കാറും കർഷകരും ചർച്ച ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് മുൻ കേന്ദ്രമന്ത്രിയുടെ പ്രതികരണം.
തമിഴ് കവി തിരുവള്ളുവരുടെ വാക്കുകൾ ഓർമിപ്പിച്ച ചിദംബരം, കർഷകർ കൈകോർത്താൽ അതിൽ ആർക്കും അതിജീവിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
2000 വർഷങ്ങൾക്ക് മുമ്പ് ഇതിഹാസ കവി തിരുവള്ളവർ എഴുതിയിരുന്നു 'കർഷകർ കൈകോർത്താൽ, അതിൽ ജീവത്യാഗം വെടിഞ്ഞവർക്കുപോലും അതിജീവിക്കാൻ കഴിയില്ല'. അത് ഇന്ന് എത്ര സത്യമായിരിക്കുന്നു. തങ്ങൾ വഞ്ചിക്കെപ്പട്ടു എന്ന് വിശ്വസിക്കുന്ന കർഷകരുടെ ക്രോധം ഒരു സർക്കാറിനും നേരിടാൻ കഴിയില്ല' -പി. ചിദംബരം ട്വീറ്റ് ചെയ്്തു.
കർഷകരുടെ എതിർപ്പ് വ്യാപകമായതിനാൽ കേന്ദ്രസർക്കാർ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറാകണമെന്ന് മുതിർന്ന നേതാവ് ശനിയാഴ്ച പറഞ്ഞിരുന്നു. കൂടാതെ കർഷകരുടെ ആവശ്യങ്ങൾ പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ച കേന്ദ്രവും കർഷകരും തമ്മിൽ ഏഴാംവട്ട ചർച്ച നടക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.