എല്ലാം പാകിസ്​ഥാന്‍റെ ഗൂഢാലോചന; വാട്​ആപ്പ്​ ചാറ്റ്​ ചോർന്നതിൽ ഇമ്രാൻഖാനെ പഴിച്ച്​ അർണബ്​

തന്‍റെ വാട്​സാപ്പ്​ ചാറ്റുകൾ ചോർന്നതും രാജ്യത്തെ മാധ്യമങ്ങളും പ്രതിപക്ഷവും തനിക്കെതിരേ തിരിഞ്ഞതിനും കാരണം പാകിസ്​ഥാനാണെന്ന്​ അർണബ്​ ഗോസ്വാമി. തിങ്കളാഴ്​ച്ച പുറത്തിറക്കിയ വിശദീകരണം കുറിപ്പിലാണ്​ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്​. എല്ലാത്തിനും പിന്നിൽ പാകിസ്​ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്‍റെ ഇടപെടലാണെന്നാണ്​ അർണബ്​ പറയുന്നത്​.


'റിപ്പബ്ലിക്കിനെതിരായ പാകിസ്ഥാൻ സർക്കാർ ഗൂഢാലോചന ഇപ്പോൾ പരസ്യമായത് രസകരമാണ്. ഒരു തീവ്രവാദ രാഷ്ട്രത്തിന്‍റെ പാവയായി നിയമിതനായ ഇമ്രാൻ ഖാൻ എനിക്കെതിരെ പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. പുൽവാമക്കുശേഷമുണ്ടായ ബാലാകോട്ടിനെ നിഷേധിക്കാൻ ഇമ്രാൻ ഖാൻ ശ്രമിച്ചെങ്കിലും പിന്നീട് അത് അംഗീകരിക്കേണ്ടി വന്നു. പാകിസ്ഥാനെ സഹായിക്കാൻ വാദ്ര കോൺഗ്രസും റിപ്പബ്ലിക് വിരുദ്ധ മാധ്യമങ്ങളും തമ്മിലുള്ള സഹകരണമാണ്​ എന്നെ ഞെട്ടിച്ചത്. ഓരോ ഇന്ത്യക്കാരനും പുൽവാമ ഭീകരാക്രമണത്തോട് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യൻ മാധ്യമങ്ങളിൽ ചിലർ റിപ്പബ്ലിക്ക് എന്തിനാണ് അത്​ പ്രതീക്ഷിച്ചതെന്ന് ചോദിക്കുന്നു. റിപ്പബ്ലിക് വിരുദ്ധ ചാനലുകൾ ഐ‌എസ്‌ഐയ്ക്കും ഇമ്രാൻ ഖാനും അനുകൂലമായി പ്രവർത്തിക്കു​േമ്പാൾ ഇത് ദേശീയ താൽപ്പര്യത്തെ മുറിവേൽപ്പിക്കുകയാണ്​'-അർണബ്​ പറഞ്ഞു.

റിപ്പബ്ലിക്​ ടി.വി അവതാരകൻ അർണബ്​ ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്​ കമ്പനിയായ ബാർക്​ സി.ഇ.ഒയ​ും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റുകൾ പുറത്തുവന്നത്​ വൻ രാഷ്​ട്രീയ വിവാദങ്ങൾക്ക്​ വഴിവച്ചിരുന്നു. 500 പേജ്​വരുന്ന ചാറ്റുകളാണ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്​. പുൽവാമയിൽ നടന്ന രാജ്യത്തിനെതിരായ ഭീകരാക്രമണത്തിൽ വലിയ സന്തോഷമാണ്​ അർണബ്​ ചാറ്റുകളിൽ പ്രകടിപ്പിക്കുന്നത്​. പുൽവാമ ഭീകരാക്രമണത്തെകുറിച്ച്​ 'വലിയ വിജയം' എന്നാണ്​ അർണബ്​ പറഞ്ഞത്​.

'നമ്മൾ ഇത്തവണ വിജയിക്കും' എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ്​ ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്​. ചാവേർ ബോംബർ ഓടിച്ച കാർ സൈന്യം സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റിയുണ്ടായ സ്​ഫോടനത്തിൽ 40 പട്ടാളക്കാരാണ്​ വീരമൃത്യുവരിച്ചത്​. പുൽവാമക്ക്​ തിരിച്ചടിയായി ഇന്ത്യൻ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട്​ ആക്രമണം മൂന്ന്​ ദിവസംമുമ്പുതന്നെ അർണബ്​ അറിഞ്ഞിരുന്നതായും ചാറ്റുകൾ സൂചിപ്പിക്കുന്നു. ബാലകോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് വാട്‌സ്ആപ്പ് ചാറ്റിൽ 'വലിയ എന്തെങ്കിലും സംഭവിക്കും' എന്ന് അർണബ് പറയുന്നുണ്ട്​. 'സാധാരണ ഉള്ളതിനേക്കാൾ വലുത്​ സംഭവിക്കും' എന്നാണ്​ അർണബ്​ പാർത്തോദാസിനോട്​ പറയുന്നത്​. 2019 ഫെബ്രുവരി 23ന് നടന്ന വാട്​സാപ്പ് ചാറ്റിലാണിത്​ പറയുന്നത്​. മൂന്ന് ദിവസത്തിന് ശേഷം, 2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന പാകിസ്താൻ പട്ടണമായ ബാലകോട്ടിൽ ജയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്പിനുനേരേ ആരകമണം നടത്തി.

ഇന്ത്യയിലെ വിവാദങ്ങളെപറ്റി പാകിസ്​ഥാൻ നടത്തിയ പ്രതികരണമാണ്​ അർണബിന്​ പിടിവള്ളിയായത്​. 'ഹിന്ദുത്വ' ഭരണകൂടത്തെയും ഇന്ത്യൻ മാധ്യമങ്ങളിലെ അതിന്‍റെ കൂട്ടാളികളുടേയും അവിശുദ്ധ കൂട്ടുകെട്ടാണ്​ ചാറ്റുകൾ ചോർന്നതോടെ വെളിപ്പെട്ടത്​' എന്നായിരുന്നു​ പാകിസ്​ഥാന്‍റെ പ്രതികരണം.

തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമത്തിൽ ഹൈപ്പർ-നാഷണലിസത്തെ ആർ‌എസ്‌എസ്-ബിജെപി സർക്കാർ ശക്​തിപ്പെടുത്തുന്നു എന്ന ഞങ്ങളുടെ നിലപാട്​ ഇന്ത്യയിലെ സമീപകാല ട്രാൻസ്ക്രിപ്റ്റ് വെളിപ്പെടുത്തലുകൾ കൂടുതൽ വ്യക്തമാക്കുന്നു എന്നും പാക്​ വിദേശകാര്യ മന്ത്രാലയം ട്വീറ്റ്​ ചെയ്​തിരുന്നു. ഇതോടെ താനകപ്പെട്ട വിവാദങ്ങളിൽ നിന്ന്​ രക്ഷപ്പെടാൻ അർണബ്​ പാകിസ്​ഥാനെ പഴിക്കാൻ ആരംഭിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.