ഭോപാലിലെ ജലസംസ്കരണ പ്ലാന്റിൽ വാതക ചോർച്ച; 15 പേർ ആശുപത്രിയിൽ

ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ ജലസംസ്കരണ പ്ലാന്റിലുണ്ടായ വാതക ചോർച്ച പരിഭ്രാന്തി പരത്തി. സമീപ പ്രദേശത്തെ നിരവധി പേർക്ക് അസ്വസ്ഥതകൾ നേരിട്ടു. ചുമയും ശ്വാസംമുട്ടലും രൂക്ഷമായതിനെ തുടർന്ന് രണ്ട് കുട്ടികളുൾപ്പെടെ 15 പേർ ആശുപത്രിയിൽ ചികിത്സ തേടി.

നഗരത്തിലെ മദർ ഇന്ത്യ കോളനിയിലുള്ള ജല സംസ്കരണ പ്ലാന്റിലെ ക്ലോറിൻ സിലിണ്ടറിൽ നിന്നാണ് വാതകം ചോർന്നത്.

ബുധനാഴ്ച വൈകീട്ട് ആറോടുകൂടി രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിൽ നിന്ന് പുറത്തു കടക്കുകയായിരുന്നെന്ന് ആളുകൾ പറഞ്ഞു. പലരും ചുമക്കാനും ഛർദ്ദിക്കാനും തുടങ്ങി. ചിലർക്ക് കണ്ണുകളിൽ എരിച്ചിൽ അനുഭവപ്പെട്ടു.

നിലവിൽ സാഹചര്യം നിയന്ത്രണ വിധേയതമാണെന്ന് ഭോപാൽ കലക്ടർ അവിനാഷ് ലവാനിയ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ എത്തി ഗ്യാസ് സിലിണ്ടർ വെള്ളം നിറച്ച ടാങ്കിൽ മുക്കി വാതകത്തെ വെള്ളത്തിൽ ലയിപ്പിച്ചാണ് വൻ ദുരന്തം ഒഴിവാക്കിയത്. ക്രെയിൻ ഉപയോഗിച്ചാണ് ഗ്യാസ് സിലിണ്ടർ വെള്ള ടാങ്കിൽ മുക്കിയത്. 900 കിലോഗ്രാമിന്റെ ഗ്യാസ് സിലിണ്ടറായിരുന്നു ചോർന്നത്.

ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് ക്യാരമായ കുഴപ്പങ്ങളൊന്നുമില്ലെന്നും ഭയപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും കലക്ടർ പറഞ്ഞു.

മദർ ഇന്ത്യ കോളനിയിൽ 400 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇഡ്ഗ ഹിൽസിനു സമീപമാണ് കോളനി സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ലക്ഷക്കണക്കിന് പേരെ ബാധിക്കുകയും ചെയ്ത 1984 ലെ ഭോപാൽ വാതക ദുരന്തം രൂക്ഷമായി ബാധിച്ച മേഖലയാണ് ഇഡ്ഗ.

വാതക ചോർച്ചയിലേക്ക് നിയച്ച കാരണങ്ങൾ അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - Panic In Bhopal After Chlorine Gas Leak, 15 Hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.